തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു (Kerala Weather Update). തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത് (Yellow alert). ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.
മലയോര മേഖലകളിൽ ഉൾപ്പെടെ അതീവ ജാഗ്രത പുലർത്തണമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. നാളെ (ഒക്‌ടോബര്‍ 31) അഞ്ച് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദേശവുമുണ്ട്. അതേസമയം കേരള, കർണാടക, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല. നവംബർ നാല് വരെ സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ കടലിൽ ഇറങ്ങിയുള്ള വിനോദങ്ങൾ പൂർണമായും ഒഴിവാക്കാനും നിർദേശം.
ഇടിമിന്നല്‍ ശ്രദ്ധിക്കേണ്ടത്: ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടു കഴിഞ്ഞാലുടന്‍ സുരക്ഷിതമായ കെട്ടിടത്തിലേക്കു മാറേണ്ടതാണ്. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. ജനലിനും വാതിലിനും അടുത്തു നില്‍ക്കാതിരിക്കുക. പരമാവധി ഭിത്തിയിലോ തറയിലോ സ്‌പര്‍ശിക്കാതെ പരമാവധി കെട്ടിടത്തിനകത്തു തന്നെയിരിക്കുക.