കേരളം

kerala

ETV Bharat / state

Kerala Weather Update: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; 5 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala Rains: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്

weather update  Widespread rain is likely in the state today  കേന്ദ്ര കാലാവസ്ഥ വകുപ്പ്  യെല്ലോ അലേർട്ട്  Yellow Alert  Central Weather Department  മഴ മുന്നറിയിപ്പ്‌  Kerala Weather Update  ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത  Chance of high waves and Sea attack
Kerala Weather Update

By ETV Bharat Kerala Team

Published : Oct 27, 2023, 2:16 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു (Kerala Weather Update). മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് (Yellow Alert) പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും 29 ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും 30 ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.2 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ അധികൃതരുടെ നിർദേശാനുസരണം മാറിതാമസിക്കണമെന്നും നിർദേശം നൽകി. ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ കടലിൽ ഇറങ്ങിയുള്ള വിനോദങ്ങൾ പൂർണമായും ഒഴിവാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാട് തീരത്തിനു സമീപം ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. തെക്കൻ തമിഴ്‌നാട് തീരത്തിനു മുകളിൽ മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്‍റെ സ്വാധീന ഫലമായി സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ട്. ഒക്ടോബർ 29, 30 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ ഉണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നല്‍ ശ്രദ്ധിക്കേണ്ടത്‌: ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടു കഴിഞ്ഞാലുടന്‍ സുരക്ഷിതമായ കെട്ടിടത്തിലേക്കു മാറേണ്ടതാണ്. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. ജനലിനും വാതിലിനും അടുത്തു നില്‍ക്കാതിരിക്കുക. പരമാവധി ഭിത്തിയിലോ തറയിലോ സ്‌പര്‍ശിക്കാതെ പരമാവധി കെട്ടിടത്തിനകത്തു തന്നെയിരിക്കുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുക. ഇടിമിന്നല്‍ സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും കുട്ടികള്‍ ഉള്‍പ്പെടെ കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ളപ്പോള്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യരുത്. ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്തു തന്നെ തുടരുക, കൈകാലുകള്‍ പുറത്തിടരുത്, വാഹനത്തിനുള്ളില്‍ യാത്രക്കാര്‍ സുരക്ഷിതരായിരിക്കും.

സൈക്കിൾ, ബൈക്ക്, ട്രാക്‌ടര്‍ യാത്രകള്‍ ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ളപ്പോള്‍ തുണി എടുക്കാന്‍ ടെറസിലോ മുറ്റത്തോ പോകരുത്. കാറ്റില്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള വസ്‌തുക്കള്‍ കെട്ടിവയ്ക്കുക. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക, ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക, പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.ഇടിമിന്നല്‍ സമയത്ത് ജലാശയങ്ങളില്‍ കുളിക്കുന്നതിനോ മീന്‍ പിടിക്കുന്നതിനോ ഇറങ്ങാന്‍ പാടില്ല. ഇടിമിന്നലുള്ളപ്പോള്‍ ബോട്ടിന്‍റെ ഡെക്കില്‍ നില്‍ക്കരുത്. ഇടിമിന്നലുള്ളപ്പോള്‍ മൃഗങ്ങളെ തുറസായ സ്ഥലങ്ങളില്‍ കെട്ടിയിടരുത്.

ABOUT THE AUTHOR

...view details