തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം (26-09-2023 വരെ) പരക്കെ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് (Kerala Weather Update). മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത് (Yellow Alert In Four Districts Today).
വടക്ക് - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ, പശ്ചിമ ബംഗാൾ - ഒഡിഷ തീരത്തിന് സമീപം ന്യൂനമർദം സ്ഥിതി ചെയ്യുന്നുണ്ടെന്നും ഇത് ജാർഖണ്ഡിന് മുകളിലൂടെ നീങ്ങാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കച്ചിന് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നുതിനാലാണ് അടുത്ത അഞ്ച് ദിവസം കൂടി ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളത്.
തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത: കേരള തീരത്ത് രാവിലെ 11.30 മുതൽ നാളെ രാവിലെ 05.30 വരെ 0.4 മീറ്റർ മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
പൊതുജനങ്ങൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക :കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്ന് തീരദേശവാസികളെ അറിയിച്ചിട്ടുണ്ട്. മത്സ്യബന്ധന യാനങ്ങളും മറ്റ് ഉപകരണങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്നും നിർദേശമുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും കർശനമായി ഒഴിവാക്കാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണമെന്നും ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കാൻ തയ്യാറാകണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. യാനങ്ങൾ, ബോട്ടുകൾ തുടങ്ങിയവ സുരക്ഷിതമാക്കി വക്കണം.