തിരുവനന്തപുരം : പൂര്‍ണമായും തദ്ദേശിയമായി നിര്‍മിക്കുന്നുവെന്ന പ്രത്യേകതയുമായാണ് വന്ദേഭാരത് എന്ന അര്‍ധ അതിവേഗ ട്രെയിന്‍ സര്‍വീസിന്‍റെ തുടക്കം. 160 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കാന്‍ കഴിയുമെന്നതാണ് വന്ദേഭാരതിന്‍റെ കരുത്ത്. 52 സെക്കന്‍റ് മാത്രം മതിയാകും വേഗം നൂറിലെത്തിക്കാന്‍. ചെന്നൈയിലെ ഇന്‍റഗ്രല്‍ കോച്ച് ഫാക്‌ടറിയിലാണ് കോച്ചുകള്‍ നിര്‍മിക്കുന്നത്.
റെയില്‍വേയുടെ റിസര്‍ച്ച് ആന്‍റ് സ്റ്റാൻഡേര്‍ഡ് ഓര്‍ഗനൈസേഷനാണ് ഡിസൈന്‍ തയാറാക്കിയിരിക്കുന്നത്. ബുള്ളറ്റ് ട്രയിനിനോട് സാമ്യമുള്ളതാണ് വന്ദേഭാരതിന്‍റെ ഡിസൈന്‍. 2019ലാണ് രാജ്യത്ത് ആദ്യമായി വന്ദേഭാരത് സര്‍വീസ് ആരംഭിച്ചത്.
നിലവില്‍ 12 റൂട്ടുകളില്‍ വന്ദേഭാരത് സര്‍വീസ് നടത്തുന്നുണ്ട്. പതിമൂന്നാമത് സര്‍വീസായാണ് വന്ദേഭാരത് കേരളത്തിലെ ട്രാക്കില്‍ കുതിക്കുക. 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ 75 വന്ദേഭാരത് ട്രെയിന്‍ എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
അതീവസുരക്ഷ, വിമാനത്തോട് കിടപിടിക്കുന്ന സൗകര്യങ്ങള്‍ : വന്ദേഭാരതിന്‍റെ ട്രെയിനുകളെല്ലാം സുരക്ഷയ്ക്കും സൗകര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് നിര്‍മിച്ചിരിക്കുന്നത്. പൂര്‍ണമായും സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം. സുരക്ഷക്കായി 'കവച്' എന്ന പ്രത്യേക സംവിധാനവും ഈ ട്രെയിനുകളിലുണ്ട്. ഒരേ ട്രാക്കിലൂടെ രണ്ട് ട്രയിനുകള്‍ മുഖാമുഖം വന്നാലും കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനമാണ് കവച്.
ഓട്ടോമാറ്റിക്കായി ബ്രേക്കിങ് സംവിധാനം പ്രവര്‍ത്തിക്കുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. കൂടാതെ ഓട്ടോമാറ്റിക് ഫയര്‍ സെന്‍സര്‍, ജിപിഎസ് അധിഷ്‌ഠിത കണ്‍ട്രോള്‍ സിസ്റ്റംസ്, സിസിടിവി എന്നിവയും സുരക്ഷക്കായി ഒരുക്കിയിട്ടുണ്ട്. പൂര്‍ണമായും ഓട്ടോമാറ്റിക്കായാണ് ട്രെയിനിന്‍റെ വാതിലുകള്‍ തുറക്കുക.
യാത്രക്കാര്‍ക്ക് വിമാനത്തിനോട് കിടപിടിക്കുന്ന സൗകര്യങ്ങളാണ് വന്ദേഭാരതിലും ഒരുക്കിയിരിക്കുന്നത്. എക്‌സിക്യൂട്ടീവ് ബോഗിയിലെ സീറ്റുകള്‍ 180 ഡിഗ്രി തിരിക്കാം. മറ്റ് ബോഗികളില്‍ സെമി സ്ലീപ്പര്‍ സീറ്റുകളുമാണുള്ളത്. വൈഫൈ, ജിപിഎസ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്, എല്ലാ കോച്ചിലും പാൻട്രി, വണ്‍ ടച്ച് ടോയിലറ്റ്, കാബിന്‍ക്രൂ സേവനം, വണ്‍ടച്ച് ടോക്ക് സംവിധാനം എന്നിവയും ലഭിക്കും.
ട്രയിനിനുള്ളിലെ വൃത്തിയാണ് വന്ദേഭാരതിലെ മറ്റൊരു പ്രത്യേകത. ഓരോ ബോഗികളും വൃത്തിയായി സൂക്ഷിക്കാന്‍ പ്രത്യേകം ജീവനക്കാരെയാണ് നിയമിച്ചിട്ടുള്ളത്.
16, 8 കോച്ചുകളുള്ള ട്രെയിനുകള്‍ : നിലവില്‍ വന്ദേ ഭാരത് ട്രയിനുകള്‍ക്ക് രണ്ട് മോഡലുകളാണുള്ളത്. 16 കോച്ചുകളുള്ള വന്ദേഭാരത് വണ്‍ എന്ന മോഡല്‍ കൂടാതെ എട്ട് കോച്ചുകളുള്ള മിനി ട്രയിനും നിലവിലുണ്ട്. കേരളത്തിന് ലഭിച്ചിരിക്കുന്നത് 16 കോച്ചുകളുള്ള മോഡലാണ്. മൂന്ന് തവണകളിലായി വന്ദേഭാരതിന്‍റെ ഡിസൈന്‍ പരിഷ്‌കരിച്ചിട്ടുണ്ട്.
ഓരോ തവണയും യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും സുരക്ഷയും ഒരുക്കുന്നതാണ് ഓരോ മോഡലുകളും. വിബി 1,2,3 എന്നിങ്ങനെ മൂന്ന് മോഡലുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. വിബി 3 മോഡലില്‍ സ്ലീപ്പര്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
2026ല്‍ വിബി 4 എന്ന മോഡല്‍ പുറത്തിറക്കാനുള്ള ഒരുക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. നിലവിലെ 160 കിലോ മീറ്റര്‍ എന്ന പരമാവധി വേഗം 200 കിലോ മീറ്ററായി ഉയര്‍ത്തിയാകും വിബി 4 പുറത്തിറങ്ങുക.
കേരളത്തിലേത് പതിനാലാമത്തെ സര്‍വീസ് :രാജ്യത്തെ പതിനാലാമത്തെ വന്ദേഭാരത് സര്‍വീസാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. ന്യൂഡല്‍ഹി മുതല്‍ വാരണസി വരെയായിരുന്നു ആദ്യ വന്ദേഭാരത് സര്‍വീസ്. കാണ്‍പൂര്‍, അലഹബാദ് എന്നിവിടങ്ങളില്‍ മാത്രമാണ് ഈ സര്‍വീസിന് സ്റ്റോപ്പുകൾ ഉണ്ടായിരുന്നത്.
1,000 രൂപ മുതല്‍ 3,000 രൂപ വരെയാണ് ചാര്‍ജ്. സര്‍വീസ് ആരംഭിച്ചതോടെ 13 മണിക്കൂറായിരുന്ന യാത്ര സമയം എട്ട് മണിക്കൂറായി ചുരുങ്ങി. രണ്ടാമത്തെ സര്‍വീസ് ഡല്‍ഹിയില്‍ നിന്നും വൈഷ്‌ണവ ദേവി ക്ഷേത്രത്തിലേക്കായിരുന്നു. എട്ട് മണിക്കൂര്‍ യാത്ര ദൈര്‍ഘ്യമുള്ള ഈ യാത്രയ്ക്ക് 1,880 രൂപ മുതലാണ് നിരക്ക് തുടങ്ങുന്നത്.
രാജ്യത്തെ ആദ്യ വെജിറ്റേറിയന്‍ ട്രെയിന്‍ എന്ന പ്രത്യേകതയും ഈ സര്‍വീസിനുണ്ട്. ആദ്യ സര്‍വീസ് തുടങ്ങി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മൂന്നാം സര്‍വീസ് തുടങ്ങിയത്. ഡല്‍ഹിയില്‍ നിന്നും ഹിമാചല്‍ പ്രദേശിലെ ഉനയിലേക്കാണ് ഈ സര്‍വീസ്. നാല് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ സര്‍വീസിന് 1,000 രൂപ മുതല്‍ 2,000 രൂപ വരെയാണ് നിരക്ക്.
ഗാന്ധിനഗര്‍ മുബൈ വന്ദേഭാരതാണ് നാലാമത്തെ സര്‍വീസ്. നേരത്തെ ഒമ്പത് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്ര ദൈര്‍ഘ്യം ആറ് മണിക്കൂറായി കുറഞ്ഞു. 1,000 മുതല്‍ 2,000 രൂപ വരെയാണ് ഈ സര്‍വീസിന്‍റെ നിരക്ക്. ചെന്നൈ മൈസൂര്‍, നാഗ്‌പൂര്‍ ബിലാസ്‌പൂര്‍, ഹൗറ ന്യൂജല്‍പാരി, സെക്കന്തരാബാദ് വിശാഖപട്ടണം, മുംബൈ സോളാപുര്‍, മുബൈ ഷിര്‍ദി, ഡല്‍ഹി ഭോപ്പാല്‍ എന്നിവയാണ് മറ്റ് സര്‍വീസുകള്‍.
ഏപ്രില്‍ ഒമ്പതിന് തുടക്കം കുറിച്ച രണ്ട് സര്‍വീസുകളാണ് വന്ദേഭാരതിന്‍റെ അവസാനത്തെ സര്‍വീസുകള്‍. ചെന്നൈ കൊയമ്പത്തൂര്‍, സെക്കന്തരാബാദ് തിരുപ്പതി റൂട്ടിലുമാണ് ഈ സര്‍വീസുകള്‍ ആരംഭിച്ചത്. ഈ പട്ടികയിലെ പതിനാലാമത് വന്ദേഭാരത് സര്‍വീസാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്കാണ് ഈ സര്‍വീസ്. വന്ദേഭാരത് സീരിസിലെ പതിമൂന്നാം നമ്പര്‍ ട്രെയിനാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തുക. 16 ബോഗികളുള്ള ഈ ട്രെയിനില്‍ 1,126 യാത്രക്കാര്‍ക്ക് യാത്ര ചെയ്യാം. എക്‌സിക്യൂട്ടീവ് ബോഗിയില്‍ 52 സീറ്റുകളും മറ്റ് ബോഗികളില്‍ 78 സീറ്റുകളുമാണുള്ളത്.
പച്ചക്കൊടി വീശുക പ്രധാനമന്ത്രി : കേന്ദ്രസര്‍ക്കാരിന്‍റെ അഭിമാന പദ്ധതിയായാണ് വന്ദേഭാരത് ട്രെയിന്‍ സര്‍വീസുകളെ വിലയിരുത്തുന്നത്. എല്ലാ സര്‍വീസുകള്‍ക്കും ഫ്ലാഗ് ഓഫ് നടത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ്. പലപ്പോഴും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നടപടിയെന്ന് വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുളളതാണ് ഈ സര്‍വീസുകളുടെ എല്ലാം തുടക്കം. കേരളത്തിലും രാഷ്ട്രീയ വിവാദങ്ങള്‍ ഇതിന്‍റെ ചുവടുപിടിച്ച് നടക്കുന്നുണ്ട്. ഇതോടൊപ്പം കെ റെയില്‍ എന്ന സംസ്ഥാന സര്‍ക്കാറിന്‍റെ സ്വപ്‌നത്തിനുമേലും വന്ദേഭാരത് കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ട്.