തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാംഘട്ട കൊവിഡ് വാക്‌സിൻ കുത്തിവെപ്പിനുള്ള ഡ്രൈ റൺ വിജയകരമായി പൂർത്തിയാക്കി. എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലാണ് ഡ്രൈ റൺ നടന്നത്. ഏറ്റവുമധികം കേന്ദ്രങ്ങളിൽ ഡ്രൈ റൺ നടന്നത് കോഴിക്കോട് ജില്ലയിലാണ്. കോഴിക്കോട് അഞ്ച് കേന്ദ്രങ്ങളിലാണ് ഡ്രൈ റൺ നടന്നത്.
ഡ്രൈ റൺ വിജയം;സംസ്ഥാനം വാക്‌സിനേഷന് സജ്ജമെന്ന് ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് 46 കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടന്നത്.
തിരുവനന്തപുരം ജില്ലയിൽ പാറശ്ശാല താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി, ഗവൺമെന്‍റ് എൽപിഎസ്എസ് കുളത്തുകാൽ, നിംസ് മെഡിസിറ്റി എന്നീ കേന്ദ്രങ്ങളിലായിരുന്നു ഡ്രൈ റൺ. സംസ്ഥാനത്ത് ഡ്രൈ റൺ വിജയകരമാക്കിയ ഉദ്യോഗസ്ഥരെയും ആരോഗ്യ വകുപ്പ് ജീവനക്കാരേയും ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർ അഭിനന്ദിച്ചു.
ആരോഗ്യ വകുപ്പിന്‍റെ ഏകോപനത്തിൽ ആരോഗ്യ കേരളം, ജില്ലാ ഭരണകൂടം, ആശുപത്രികൾ എന്നിവയുടെ സഹകരണത്തോടെയാണ് ഡ്രൈ റൺ നടത്തിയത്. കൊവിഡ് വാക്‌സിൻ എപ്പോൾ എത്തിയാലും വിതരണം ചെയ്യാൻ സംസ്ഥാനം തയ്യാറാണെന്ന് ശൈലജ ടീച്ചർ അറിയിച്ചു. വാക്‌സിൻ സൂക്ഷിക്കാനുള്ള സംവിധാനങ്ങൾ വിവിധ കേന്ദ്രങ്ങളിൽ സജ്ജമാക്കി വരുന്നതായും മന്ത്രി പറഞ്ഞു.