തിരുവനന്തപുരം :കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് തെരഞ്ഞെടുപ്പിലെ ആള്‍മാറാട്ടത്തില്‍ കേരള സര്‍വകലാശാല ഇന്ന് പൊലീസില്‍ പരാതി നൽകും. കോളജ് പ്രിന്‍സിപ്പല്‍ ഷൈജുവിന് എതിരെയും എസ്എഫ്ഐ ഏരിയ സെക്രട്ടറി വിശാഖിനെതിരെയുമാകും കേസ് നൽകുക. കുറ്റാരോപിതനായ താത്കാലിക പ്രിന്‍സിപ്പല്‍ ഡോ ജി ജെ ഷൈജുവിനെ സ്ഥാനത്തുനിന്ന് മാറ്റാന്‍ സര്‍വകലാശാല കോളജിന് കഴിഞ്ഞ ദിവസം നിര്‍ദേശം നൽകിയിരുന്നു.
നിർദേശം ലഭിച്ചിട്ടും കോളജ് മാനേജ്‌മെന്‍റ് ഇതുവരെ നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല. സര്‍വകലാശാലയ്ക്ക് അവമതിപ്പ് ഉണ്ടാക്കിയ പ്രവര്‍ത്തിയാണ് സംഭവിച്ചതെന്നും വിശ്വാസ്യത തിരിച്ച് പിടിക്കുമെന്നും കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരള സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് സര്‍വകലാശാലയ്ക്ക് കൈമാറിയ യുയുസിമാരുടെ ലിസ്‌റ്റില്‍ തിരഞ്ഞെടുത്ത പ്രതിനിധിയായ വിദ്യാര്‍ഥി അനഘയുടെ പേരിന് പകരം എസ്എഫ്ഐ യുടെ ഏരിയ സെക്രട്ടറിയും കോളജിലെ ഒന്നാം വര്‍ഷ ഫിസിക്‌സ് വിദ്യാര്‍ഥിയുമായ വിശാഖിന്‍റെ പേരായിരുന്നു നൽകിയത്. സംഭവം വിവാദമായതോടെ കെഎസ്‌യു പൊലീസില്‍ പരാതി നൽകുകയായിരുന്നു.
എന്നാല്‍ ഈ പരാതിയിലും പൊലീസ് ഇതുവരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്‌ചയായിരുന്നു കേരള സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പില്‍ നോമിനേഷന്‍ സമര്‍പ്പിക്കേണ്ടതിന്‍റെ അവസാന ദിവസം. നോമിനേഷന്‍ സമര്‍പ്പിക്കാനെത്തിയ കെഎസ്‌യു പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷവും ഉടലെടുത്തിരുന്നു. നോമിനേഷന്‍ സ്‌ക്രൂട്ടണിയില്‍ പങ്കെടുക്കണമെന്ന് കെഎസ്‌യു പ്രവര്‍ത്തകര്‍ ആവശ്യമുന്നയിക്കുകയും രജിസ്ട്രാറുടെ മുറിയിലേക്ക് തള്ളി കയറാന്‍ ശ്രമിക്കുകയും ചെയ്‌തിരുന്നു. ഇതേ തുടർന്നാണ് സംഘര്‍ഷമുണ്ടായത്.