തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ നിയമനത്തിന് ഗവർണർ നിശ്ചയിച്ച സെർച്ച് കമ്മിറ്റി പുനർ രൂപീകരിക്കണമെന്ന് ഗവർണറോട് ആവശ്യപ്പെടാൻ സർവകലാശാല സെനറ്റ്. രൂപീകരിക്കപ്പെട്ട സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിന് സർവകശാല നിയമത്തിലോ ചട്ടത്തിലോ വ്യവസ്ഥയില്ലെന്നും സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ പ്രതിനിധിയെ നിർദേശിക്കാനാണ് വ്യവസ്ഥയുള്ളതെന്നും സെനറ്റ് യോഗം ചൂണ്ടിക്കാട്ടി. അതിനാൽ സെർച്ച് കമ്മിറ്റിയിൽ മൂന്ന് അംഗങ്ങൾ ഉണ്ടായിരിക്കണം എന്നിരിക്കെ സർവകലാശാല പ്രതിനിധിയുടെ സ്ഥാനം ഒഴിച്ചിട്ട് ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റിക്ക് സാധുതയില്ലെന്നും സെനറ്റ് ചൂണ്ടിക്കാട്ടുന്നു.
കേരള സർവകലാശാല വൈസ് ചാൻസലർ നിയമനം, സെർച്ച് കമ്മിറ്റി പുനർ രൂപീകരിക്കണമെന്ന് സെനറ്റ് - ഗവർണർ
കേരള സർവകലാശാല വൈസ് ചാൻസലർ നിയമനത്തിന് ഗവർണർ നിശ്ചയിച്ച സെര്‍ച്ച് കമ്മിറ്റി പുനര്‍ രൂപീകരിക്കാന്‍ ഗവർണറോട് ആവശ്യപ്പെടാൻ ഒരുങ്ങുകയാണ് സര്‍വകലാശാല സെനറ്റ്. കമ്മിറ്റിയിൽ മൂന്ന് അംഗങ്ങൾ ഉണ്ടായിരിക്കണം എന്നിരിക്കെ സർവകലാശാല പ്രതിനിധിയുടെ സ്ഥാനം ഒഴിച്ചിട്ട് ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റിക്ക് സാധുതയില്ലെന്നും സെനറ്റ് ചൂണ്ടിക്കാട്ടുന്നു
വിസി നിയമനത്തിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ഓർഡിനൻസ് ഇറക്കാൻ സർക്കാർ നീക്കം നടക്കുന്നതിനിടെയാണ് സ്വന്തം നോമിനിയെ ഉൾപ്പെടുത്തി ഗവർണർ സെർച്ച് കമ്മിറ്റി പ്രഖ്യാപിച്ചത്. ഇതിന് നിയമ സാധ്യത ഇല്ലെന്നാണ് വൈസ് ചാൻസലർക്ക് ലഭിച്ച നിയമോപദേശം. ഇതടക്കം ചർച്ചചെയ്‌ത ശേഷമാണ് തെരഞ്ഞെടുക്കപ്പെട്ട സർവകലാശാല പ്രതിനിധിയെ ഉൾപ്പെടുത്തി സെർച്ച് കമ്മിറ്റി പുനർ രൂപീകരിക്കാൻ ഗവർണറോട് ആവശ്യപ്പെടാൻ സെനറ്റ് തീരുമാനിച്ചത്.
കോഴിക്കോട് ഐ ഐ എം ഡയറക്‌ടർ ഡോ. ദേബാശിഷ് ചാറ്റർജിയാണ് ഗവർണറുടെ നോമിനി. കർണാടകയിലെ കേന്ദ്ര സർവകലാശാല വി സി പ്രൊ. ബട്ടു സത്യനാരായണയാണ് യുജിസി നോമിനി. സർവകലാശാല നോമിനിയായി ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി കെ രാമചന്ദ്രനെ നേരത്തെ തീരുമാനിച്ചെങ്കിലും അദ്ദേഹം സ്വയം ഒഴിവായതായി സർവകലാശാല ഗവർണറെ അറിയിച്ചിരുന്നു.