തിരുവനന്തപുരം: എസ്‌എഫ്‌ഐ നേതാവ് നിഖില്‍ തോമസ് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് കോളജില്‍ പ്രവേശനം നേടിയ സംഭവത്തില്‍ നിലപാട് കടുപ്പിച്ച് കേരള സര്‍വകലാശാല. സംഭവത്തില്‍ എംഎസ്‌എം കോളജിനോട് വിശദീകരണം തേടി കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ വിശദീകരണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മോഹനൻ കുന്നുമ്മൽ പറഞ്ഞു.
വ്യാജ സര്‍ട്ടിഫിക്കറ്റ് വിഷയത്തില്‍ മുഴുവന്‍ ഉത്തരവാദിത്തവും കോളജ് പ്രിന്‍സിപ്പലിനാണെന്നും വിഷയത്തിൽ കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കോളജില്‍ ഏതെങ്കിലും ഒരു കുട്ടി ക്രമക്കേട് കാട്ടിയാൽ പ്രിൻസിപ്പലിനെതിരെ നിയമ നടപടിയുണ്ടാകുമെന്നും സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കേണ്ട ഉത്തരവാദിത്തം പ്രിന്‍സിപ്പലിനാണെന്നും മോഹന്‍ കുന്നുമ്മല്‍ പറഞ്ഞു. കോളജില്‍ പരാജയപ്പെട്ട ഒരു വിദ്യാര്‍ഥി എങ്ങനെ എംകോമിന് പ്രവേശനം നേടിയെന്ന് വിസി ചോദിച്ചു.
ഇനിയുള്ള മുഴുവന്‍ അഡ്‌മിഷന്‍ രേഖകളും സര്‍വകലാശാലയ്‌ക്ക് അയക്കുമ്പോള്‍ പ്രിന്‍സിപ്പല്‍ വേരിഫൈ ചെയ്യണം. ആര് തെറ്റ് ചെയ്‌താലും സര്‍വകലാശാല അത് കണ്ട് പിടിക്കും. സംഭവത്തില്‍ കര്‍ശന നടപടി എടുക്കുമെന്നും വിസി പറഞ്ഞു. അതേ സമയം കെഎസ്‌യു നേതാവ് അൻസിൽ ജലീലിൻ്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് നിയമ നടപടി സ്വീകരിച്ചതെന്നായിരുന്നു വിസിയുടെ മറുപടി.
പരീക്ഷ കണ്‍ട്രോളര്‍ വിഷയത്തില്‍ നടത്തിയ പരിശോധനയില്‍ ഇക്കാര്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡിജിപിക്ക് പരാതി നല്‍കിയത്. തെറ്റ് ചെയ്‌തവര്‍ക്കെതിരെ നടപടിയെടുക്കുക തന്നെ ചെയ്യും. നിയമ നടപടികളുമായി മുന്നോട്ട് നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.