തിരുവനന്തപുരം:കാട്ടാക്കട ക്രിസ്ത്യൻ കോളജ് തെരഞ്ഞെടുപ്പ് വിവാദത്തെ തുടർന്ന് കേരള യൂണിവേഴ്‌സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറും രജിസ്ട്രാറും തമ്മിൽ നടന്ന ചർച്ചയിലാണ് തീരുമാനം. തെരഞ്ഞെടുപ്പിന്‍റെ പുതിയ തീയതി പിന്നീട് അറിയിക്കും.
നടപടിയെടുത്ത് എസ്‌എഫ്ഐ: ഇതോടൊപ്പം യൂണിയൻ ലിസ്‌റ്റിൽ കൃത്രിമമായി സ്ഥാനം നേടിയ എസ്എഫ്ഐ കാട്ടാക്കട ഏരിയ സെക്രട്ടറി വിശാഖിനെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്താക്കി. തെരഞ്ഞെടുക്കപ്പെട്ട തന്‍റെ പേരാണ് കോളജിൽ നിന്ന് യൂണിവേഴ്‌സിറ്റിയിലേക്ക് അയച്ച യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ ലിസ്‌റ്റിൽ ഉള്ളതെന്ന് അറിവുണ്ടായിട്ടും അത് തിരുത്തുന്നതിനും ഉത്തരവാദിത്തപ്പെട്ട ഇടങ്ങളിൽ അറിയിക്കാതിരുന്നതിനാലുമാണ് വിശാഖിനെ പുറത്താക്കുന്നതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.
വിവാദമുയര്‍ന്നത് ഇങ്ങനെ:കോളജ് യൂണിയനിലേക്ക് യു.യു.സിയായി തെരഞ്ഞെടുക്കപ്പെട്ട അനഘ എന്ന വിദ്യാർഥിക്ക് പകരമാണ് അതേ കോളജിലെ ഒന്നാം വർഷ ഫിസിക്‌സ് ബിരുദ വിദ്യാർഥിയും എസ്എഫ്ഐ കാട്ടാക്കട ഏരിയ സെക്രട്ടറിയുമായ വിശാഖിൻ്റെ പേര് കോളജ് യൂണിവേഴ്‌സിറ്റിയിലേക്ക് നൽകിയത്. ഈ വരുന്ന 26ന് നടക്കുന്ന സർവകലാശാല യൂണിയൻ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനാണ് വിശാഖിൻ്റെ പേര് യൂണിവേഴ്‌സിറ്റിയിലേക്ക് നൽകിയത്.
ബുധനാഴ്‌ചയായിരുന്നു നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി. യു.യു.സിയായി തുടരാൻ അനഘക്ക് താത്‌പര്യമില്ലാത്തതിനാലാണ് വിശാഖിന്‍റെ പേര് നൽകിയതെന്നാണ് കോളജ് അധികൃതർ നൽകിയ വിശദീകരണം. എന്നാൽ അനഘ രാജി സമർപ്പിച്ചിട്ടില്ല. ഇത്തരത്തിൽ ഒരു രീതി യൂണിവേഴ്‌സിറ്റി ചട്ടത്തിലുമില്ല. വിവരം പുറത്തുവന്നതോടെ കെഎസ്‌യുവിൻ്റെ നേതൃത്വത്തിൽ കേരള യൂണിവേഴ്‌സിറ്റിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയും ഡിജിപിക്ക് പരാതി നൽകുകയും ചെയ്‌തിരുന്നു. തുടർന്നാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് വിശാഖിനെ പുറത്താക്കുന്നത്.
ആര്‍ത്തവ അവധിയും പ്രസവാവധിയും:അടുത്തിടെ കേരള സര്‍വകലാശാല വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ അവധിയും പ്രസവാവധിയും അനുവദിച്ച് ഉത്തരവിറക്കിയിരുന്നു. 18 വയസിന് മുകളിലുളള വിദ്യാര്‍ഥിനികള്‍ക്ക് ആറ് മാസത്തെ പ്രസവാവധിയാണ് ഉത്തരവുപ്രകാരം നല്‍കിയിരുന്നത്. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുളള എല്ലാ സര്‍വകലാശാലകളിലും ആര്‍ത്തവ അവധി വിദ്യാര്‍ഥിനികള്‍ക്ക് അനുവദിച്ച സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് കേരള സര്‍വകലാശാലയുടെയും തീരുമാനമെത്തിയത്.
പരീക്ഷ എഴുതാന്‍ ഓരോ സെമസ്റ്ററിലും 75 ശതമാനം ഹാജര്‍ വേണമെന്ന നിബന്ധനയും ആര്‍ത്തവാവധി പരിഗണിച്ച് 73 ശതമാനം ആക്കിയ സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാനും സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചിരുന്നു. ആറ് മാസം വരെ പ്രസവ അവധി എടുത്ത് റീ അഡ്‌മിഷന്‍ എടുക്കാതെ കോളജില്‍ പഠനം തുടരാമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച മെഡിക്കല്‍ രേഖകള്‍ പരിശോധിച്ച് അതത് കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്ക് തന്നെ വിദ്യാര്‍ഥിനികള്‍ക്ക് തുടര്‍പഠനം നടത്താന്‍ അനുമതി നല്‍കാമെന്നും ഇതിന് സര്‍വകലാശാലയുടെ പ്രത്യേക അനുമതി ആവശ്യമില്ലെന്നും ഉത്തരവിലുണ്ട്. കേരള സര്‍വകലാശാലയുടെ ഉത്തരവ് അഫിലിയേറ്റഡ് കോളജുകള്‍ക്കടകം ബാധകവുമായിരിക്കും.
Also read: കേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്‌എഫ്‌ഐയുടെ ആള്‍മാറാട്ടം; ഡിജിപിക്ക് പരാതി നല്‍കി കെഎസ്‌യു