കേരളം

kerala

ETV Bharat / state

Kerala University: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ റദ്ദാക്കി, ആള്‍മാറാട്ടത്തില്‍ കാട്ടാകട കോളേജിന് ഭീമന്‍തുക പിഴയിട്ട് കേരള സർവകലാശാല

വ്യാജ പാസ്‌വേർഡ് ഉപയോഗിച്ച് കൂട്ടിയെഴുതിയ മാർക്കുകളുമായി പാസായ 37 പേരുടെ ഡിഗ്രി സർട്ടിഫിക്കറ്റുകള്‍ റദ്ദാക്കാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്

Kerala University Syndicate  Kerala University  Fake Degree Certificates  forged marks with fake password  Kerala University Fake Degree Certificate Issue  വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ റദ്ദാക്കാൻ  വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ  കേരള സർവകലാശാല  സർവകലാശാല സിൻഡിക്കേറ്റ്  വ്യാജ പാസ്‌വേർഡ് ഉപയോഗിച്ച്  BSc Computer Science  Pro Vice Chancellor  Vice Chancellor  Save University Campaign  സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ  ഡിഗ്രി സർട്ടിഫിക്കറ്റുകള്‍
വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ റദ്ദാക്കാൻ കേരള സർവകലാശാല സിൻഡിക്കേറ്റ് തീരുമാനം

By

Published : Jun 10, 2023, 3:21 PM IST

Updated : Jun 10, 2023, 5:28 PM IST

തിരുവനന്തപുരം:യൂണിയന്‍ തെരഞ്ഞെടുപ്പിലെ ആള്‍മാറാട്ടത്തില്‍ കാട്ടാക്കട ക്രിസ്ത്യൻ കോളേജിന് ഭീമന്‍തുക പിഴയിട്ട് കേരള സർവകലാശാല. യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ (യുയുസി) തെരഞ്ഞെടുപ്പിൽ നടന്ന തിരിമറിയെ തുടർന്ന് 1,55,938 രൂപയാണ് കോളേജിന് സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിഴയിട്ടത്. യുയുസി ആൾമാറാട്ടത്തെ തുടര്‍ന്ന് സർവകലാശാല തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ടി വന്ന സാഹചര്യത്തിലാണ് സിന്‍ഡിക്കേറ്റിന്‍റെ നടപടി.

നടപടിയിലേക്ക് വഴിതുറന്ന് 'ആള്‍മാറാട്ടം':കാട്ടാക്കട കോളജിലെ സംഭവത്തിന് പിന്നാലെ കൗൺസിലർമാരെ കുറിച്ച് പരിശോധിക്കാൻ സര്‍വകലാശാല തീരുമാനിച്ചിരുന്നു. ഇതില്‍ പ്രായപരിധി കഴിഞ്ഞവരും നിയമാനുസരണം മത്സരിക്കാൻ യോഗ്യതയില്ലാത്ത യുയുസിമാരെയും കണ്ടെത്തിയതോടെ 39 യുയുസിമാരെ അയോഗ്യരാക്കുകയും ചെയ്‌തു. സര്‍വകലാശാല വൈസ് ചാൻസലർ ഡോ.മോഹൻ കുന്നുമേലിന്‍റെ അധ്യക്ഷതയിൽ ചേർന്ന സിൻഡിക്കേറ്റിന്‍റേതായിരുന്നു തീരുമാനം. ഇതില്‍ യൂണിവേഴ്‌സിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 36 കൗൺസിലർമാർ പ്രായപരിധി കഴിഞ്ഞവരായതുകൊണ്ട് അയോഗ്യരാണെന്നും കേരള സർവകലാശാല കണ്ടെത്തി.

ഇവരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യാൻ സർവകലാശാല തീരുമാനിച്ചു. മുപ്പതോളം കോളജുകൾ തെരഞ്ഞെടുപ്പ് വിവരങ്ങൾ യൂണിവേഴ്‌സിറ്റിയെ ഇതുവരെ അറിയിച്ചിട്ടില്ല. ആ കോളജുകളിൽ ചട്ടപ്രകാരം തെരഞ്ഞെടുപ്പ് നടന്നിട്ടുണ്ടെങ്കിൽ ഉടൻ അറിയിക്കാനും സർവകലാശാല നിർദേശം നല്‍കിയിരുന്നു.

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കി: കേരള സർവകലാശാലയിൽ (Kerala University) വ്യാജ പാസ്‌വേർഡ് ഉപയോഗിച്ച് കൂട്ടിയെഴുതിയ മാർക്കുകളുമായി പാസായ 37 പേരുടെ ഡിഗ്രി സർട്ടിഫിക്കറ്റുകളും റദ്ദാക്കാനും സിൻഡിക്കേറ്റ് തീരുമാനിച്ചു. കോളജുകളിൽ നിന്ന് വിജയിച്ച 36 കൗൺസിലർമാർ അയോഗ്യരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനും സിൻഡിക്കേറ്റ് തീരുമാനിച്ചു.

മൂന്നുവർഷം മുമ്പ് ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് (BSc Computer Science) ബിരുദ പരീക്ഷയിൽ അനർഹമായി നൽകിയ ഗ്രേസ് മാർക്ക്‌ ഉൾപ്പടെ അറുന്നൂറോളം വിദ്യാർഥികൾക്ക് കൂട്ടി നൽകിയ മാർക്ക്‌ അവരുടെ പ്രൊഫൈലിൽ നിന്ന് നീക്കം ചെയ്യാനാണ് സിൻഡിക്കേറ്റ് തീരുമാനിച്ചിട്ടുള്ളത്. നേരത്തെ മാർക്ക്‌ തിരിമറിയുമായി ബന്ധപ്പെട്ട് ഒരു സെക്ഷൻ ഓഫിസറെ സർവീസിൽ നിന്നും സർവകലാശാല പിരിച്ചുവിട്ടുവെങ്കിലും ഇത് സംബന്ധിച്ച് പൊലീസിന് കൃത്യമായ വിവരങ്ങൾ നൽകുകയോ വ്യാജ റിസൾട്ടുകൾ റദ്ദാക്കാനുള്ള നിർദേശങ്ങൾ പരീക്ഷ വിഭാഗത്തിന് നൽകുകയോ അധികൃതർ ചെയ്‌തിരുന്നില്ല.

നടപടി വന്നത് ഇങ്ങനെ:ഗ്രേസ് മാർക്ക് തിരുത്തി വിജയിപ്പിച്ച ഒരു വിദ്യാർഥിക്ക് ഡിഗ്രി സർട്ടിഫിക്കറ്റ് നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഉത്തരവിനെതിരെ പുനഃപരിശോധന ഹർജി നൽകാൻ യൂണിവേഴ്‌സിറ്റി സ്‌റ്റാൻഡിങ് കൗൺസിലിന് വിസി (Vice Chancellor) നിർദേശം നൽകിയിരുന്നു. കൂടാതെ തിരിമറിയിലൂടെയാണ്‌ ഗ്രേസ് മാർക്ക്‌ നേടിയതെന്ന വിവരം കോടതിയിൽ ബോധിപ്പിക്കാത്തത് കൊണ്ട് വിധിക്കെതിരെ അപ്പീൽ നൽകാനും സർവകലാശാല തീരുമാനിച്ചു.

മാർക്ക് തിരിമറി അന്വേഷിക്കുവാൻ ചുമതലപെടുത്തിയിരുന്ന മുൻ പിവിസി (Pro Vice Chancellor) ഡോ. അജയകുമാർ അധ്യക്ഷനായ സിൻഡിക്കേറ്റ് ഉപസമിതി തിരിമറി സംബന്ധിച്ച അന്വേഷണം ഇതേവരെ പൂർത്തിയാക്കാത്തതാണ് മാർക്ക് റദ്ദാക്കാതിരിക്കാൻ കാരണമായി പരീക്ഷ വിഭാഗം വിസിക്ക് വിശദീകരണം നൽകിയിരുന്നത്.

ഇതിനിടെ സർവകലാശാല മൂന്ന് വർഷം മുൻപ് തോറ്റ വിദ്യാർഥികൾക്ക് കൃത്രിമമായി നൽകിയ വ്യാജ ബിരുദ സർട്ടിഫിക്കറ്റുകളും ഉയർന്ന മാർക്കുകളും റദ്ദാക്കുന്നില്ലെന്ന പരാതിയുമായി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ (Save University Campaign) കമ്മിറ്റി ഗവർണറെ സമീപിച്ചു. തുടർന്നാണ് ഗവർണറുടെ നിർദേശ പ്രകാരം വൈസ് ചാൻസലർ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്കുകളും റദ്ദാക്കാനുള്ള നിർദേശം വെള്ളിയാഴ്‌ച ചേർന്ന സിന്‍ഡിക്കേറ്റിന്‍റെ പരിഗണനയ്ക്ക് വച്ചത്. വിസിയുടെ നിർദേശം സിന്‍ഡിക്കേറ്റ് അംഗീകരിക്കുകയായിരുന്നു. അതേസമയം റദ്ദാക്കിയ സർട്ടിഫിക്കറ്റ് കൈപ്പറ്റിയവരിൽ വിദേശത്തുജോലി നേടിയവർ വരെയുണ്ട്.

Last Updated : Jun 10, 2023, 5:28 PM IST

ABOUT THE AUTHOR

...view details