തിരുവനന്തപുരം:ചാന്‍സലറായ ഗവര്‍ണറോടുള്ള എതിര്‍പ്പ് തുടര്‍ന്ന് കേരള സര്‍വകലാശാല സെനറ്റ്. വിസി നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ പ്രതിനിധിയെ നിര്‍ദേശിക്കേണ്ടെന്ന് ഇന്ന് ചേര്‍ന്ന സെനറ്റ് യോഗം തീരുമാനിച്ചു. ഗവര്‍ണറുടെ നിര്‍ദേശങ്ങളെല്ലാം പൂര്‍ണമായി തള്ളുന്ന നിലപാടാണ് ഇന്നും ഇടത് സെനറ്റ് അംഗങ്ങള്‍ സ്വീകരിച്ചത്.
വിസി നിയമനത്തിനായി ഏകപക്ഷീയമായി സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള നടപടികള്‍ ഗവര്‍ണര്‍ ആരംഭിച്ചത് അംഗീകരിക്കാന്‍ കഴിയില്ല. നേരത്തെ ഗവര്‍ണര്‍ക്കെതിരെ പാസാക്കിയ പ്രമേയത്തില്‍ ചില ഭേദഗതികളും ഇന്നത്തെ യോഗം വരുത്തി. ഗവര്‍ണര്‍ രൂപം നല്‍കിയ സെര്‍ച്ച് കമ്മിറ്റി പിന്‍വലിച്ചാല്‍ മാത്രം സെനറ്റ് പ്രതിനിധിയെ നിര്‍ദേശിക്കാനാണ് തീരുമാനം. ചാന്‍സലറുടെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ അംഗീകരിക്കേണ്ടന്നും സെനറ്റ് തീരുമാനിച്ചു.