തിരുവനന്തപുരം: ക്വാറം തികയാത്തതിനാല്‍ കേരള സര്‍വകലാശാല സെനറ്റ് യോഗം പിരിഞ്ഞു. യുഡിഎഫ് സെനറ്റ് അംഗങ്ങളെ കൂടാതെ വിസിയും ഗവര്‍ണറുടെ രണ്ട് പ്രതിനിധികളും ഉള്‍പ്പെടെ 13 പേരാണ് യോഗത്തിനെത്തിയത്. 21 പേരാണ് യോഗത്തില്‍ ഹാജരാകേണ്ടിയിരുന്നത്.
ഇടത് സെനറ്റ് അംഗങ്ങള്‍ സര്‍വകലാശാല ആസ്ഥാനത്തുണ്ടായിരുന്നെങ്കിലും യോഗത്തില്‍ പങ്കെടുത്തില്ല. രാഷ്ട്രീയ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇടത് അംഗങ്ങള്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. യോഗം നിയമവിരുദ്ധമാണെന്നാണ് ഇടതുപക്ഷ സെനറ്റ് അംഗങ്ങളുടെ വിശദീകരണം.
എം വിന്സെന്റ് എംഎല്‍എ മാധ്യമങ്ങളോട് സെനറ്റ് ഒരു പ്രമേയം പാസാക്കിയാല്‍ 12 മാസം കഴിഞ്ഞേ പുനഃപരിശോധിക്കാവൂ എന്നതാണ് വ്യവസ്ഥ. ഓഗസ്റ്റ് 20ന് ചേര്‍ന്ന സെനറ്റ് കൈക്കൊണ്ട തീരുമാനത്തില്‍ എന്തെങ്കിലും മാറ്റം വേണമെങ്കില്‍ ഒരു മാസത്തിനകം പ്രത്യേക സെനറ്റ് യോഗം വിളിച്ചുചേര്‍ക്കണമായിരുന്നു. സര്‍വകലാശാല നിയമത്തിന് വിരുദ്ധമായതിനാല്‍ ഇന്നത്തെ സെനറ്റ് യോഗത്തിന് തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സാധിക്കില്ലെന്നും ഇടത് സെനറ്റ് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
അതേസമയം ക്വാറം തികയാതെ യോഗം പിരിഞ്ഞതില്‍ പ്രതിഷേധവുമായി യുഡിഎഫ് അംഗങ്ങള്‍ രംഗത്തെത്തി. ഇടത് അംഗങ്ങളുടേത് ആസൂത്രിത നീക്കമാണെന്ന് എം വിന്സെന്റ് എംഎല്‍എ ആരോപിച്ചു. സര്‍വകലാശാലകളില്‍ രാഷ്ട്രീയവത്കരണമാണ് സിപിഎം നടത്തുന്നത്. വേണ്ടപ്പെട്ടവര്‍ക്കായി എല്ലാ നിയമങ്ങളും സര്‍വകലാശാലകളില്‍ ലംഘിക്കുകയാണെന്നും എം വിന്‍സെന്‍റ് ആരോപിച്ചു.