തിരുവനന്തപുരം :ദേശീയ റാങ്കിങ്ങായ എൻഐആർഎഫ് റാങ്കിങ്ങിൽ തിളങ്ങി കേരള സർവകലാശാല. രാജ്യത്തെ മികച്ച സർവകലാശാലകളിൽ 24-ാം സ്ഥാനത്തെത്തിയിരിക്കുകയാണ് കേരള സർവകലാശാല. നാക് എ പ്ലസ് പ്ലസ് നേട്ടത്തിന് പിന്നാലെ ദേശീയ റാങ്കിങ്ങായ എൻഐആർഎഫ് റാങ്കിങ്ങിലും തിളങ്ങിയ കേരള സർവകലാശാലയുടെ നേട്ടം വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റത്തിന് വഴിയൊരുക്കുമെന്ന് കേരള വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു.
മറ്റ് സർവകലാശാലകൾക്ക് നേട്ടം കൈവരിക്കുന്നതിന് ഇത് പ്രചോദനമാകുമെന്നും അദ്ദേഹം അറിയിച്ചു. പുതിയ നേട്ടത്തോടെ രാജ്യത്തെ സർക്കാർ സർവകലാശാലകളുടെ പട്ടികയിൽ 11-ാം സ്ഥാനത്തും ദക്ഷിണേന്ത്യയിൽ ഒമ്പതാം സ്ഥാനത്തും സംസ്ഥാനത്തെ ഒന്നാമനായും കേരള സർവകലാശാലയെ അടയാളപ്പെടുത്തി. കേന്ദ്രമാനവ വിഭവ ശേഷി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കാണ് (NIRF) റാങ്കിങ് നടത്തിയത്.
55.5 പോയിന്‍റ് നേടിയാണ് കേരള സർവകലാശാല റാങ്കിങ്ങിൽ തിളങ്ങിയത്. എൻഐആർഎഫ് റാങ്കിൽ 24-ാം സ്ഥാനമാണ് യൂണിവേഴ്‌സിറ്റി കോളജ് നേടിയത്. 83 മാർക്ക് നേടി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആണ് എൻഐആർഎഫിന്‍റെ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. രണ്ടാം സ്ഥാനം 68 മാർക്കോടെ ജെഎൻയുവും കരസ്ഥമാക്കി.
തുടർച്ചയായി ആറാം വർഷവും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് സംസ്ഥാനത്തെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഉന്നത വിദ്യാഭ്യാസ അവസരങ്ങൾ, പ്ലേസ്മെന്‍റ്, ഗവേഷണ വിദ്യാർഥികളുടെ എണ്ണം, പ്രാദേശിക വൈവിധ്യം, സ്ത്രീ പ്രാധാന്യം, ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പ്രകടനം, സാമൂഹികവും സാമ്പത്തികവുമായ വെല്ലുവിളി നേരിടുന്ന മേഖലയിലെ വിദ്യാർഥികളുടെ പ്രാധാന്യം തുടങ്ങിയവയാണ് റാങ്കിങ്ങിനുള്ള മാനദണ്ഡം. 62.25 പോയിന്‍റ് നേടിയാണ് യൂണിവേഴ്‌സിറ്റി കോളജ് നേട്ടം കൈവരിച്ചത്.