തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നിന്ന് ഉത്തരക്കടലാസുകൾ കണ്ടെടുത്ത സംഭവത്തിൽ കേരള സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചു. ഉത്തരക്കടലാസുകളുടെ സ്റ്റോക്ക് എടുക്കാൻ വൈസ് ചാൻസലർ വി പി മഹാദേവൻ പിള്ള നിർദേശം നൽകി. എക്സാമിനേഷൻ സെൻററുകളിൽ നിന്നും ഉത്തരക്കടലാസ് നഷ്ടമായോ എന്നും പരിശോധിക്കും.
ഉത്തരക്കടലാസ് കണ്ടെടുത്തത് ഗുരുതര പ്രശ്നമെന്ന് വൈസ് ചാൻസിലർ ഉത്തരക്കടലാസ് കണ്ടെടുത്തത് ഗുരുതര പ്രശ്നമെന്നും സർവകലാശാല വൈസ് ചാൻസിലർ. ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ സീൽ യൂണിവേഴ്സിറ്റിയിൽ നിന്ന് നഷ്ടമായിട്ടില്ലെന്നും സീൽ വ്യാജമായി നിർമിച്ചതാകാനാണ് സാധ്യതയെന്നും വി സി പറഞ്ഞു. യൂണിവേഴ്സിറ്റിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ട സഹചര്യത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.
സംഭവം വിവാദമായ സാഹചര്യത്തിൽ കേരള സർവകലാശാല വൈസ് ചാൻസിലറുടെ നേതൃത്വത്തിൽ അടിയന്തര യോഗം ഇന്ന് ചേരും. അതേസമയം കേരള സർവകലാശാലയിൽ നടക്കുന്ന മുഴുവൻ ക്രമക്കേടുകളിലും സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കെ എസ് യു രംഗത്തെത്തി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലിന്‍റെ വസതിയിലേക്ക് കെഎസ്‌യു പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഇന്നലെ വൈകീട്ട് ഒന്നാം പ്രതിയായ ശിവരഞ്ജിത്തിന്‍റെ മണക്കാടുള്ള വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിൽ 12 ഉത്തരകടലാസുകള്‍ വീതമുള്ള നാല് കെട്ടുകളാണ് കണ്ടെടുത്തത്. ഇതിന് പുറമേ എഴുതിയതും എഴുതാത്തുമായ 16 ബുക്ക്ലെറ്റുകളും ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ സീലും വീട്ടിൽനിന്ന് കണ്ടെടുത്തിരുന്നു.