തിരുവനന്തപുരം: കേരള സർവകലാശാലയിൽ ഇന്ന് ഗവർണർ പുറത്താക്കിയ 15 അംഗങ്ങൾ ഉൾപ്പെടെ പൂർണ്ണ സെനറ്റ് യോഗം. ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കിയതിന്‍റെ പശ്ചാത്തലത്തിലാണ് ഇവർ തിരികെ എത്തുന്നത്. നേരത്തെ സർവകലാശാലയിലെ വൈസ് ചാൻസലറെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള നിർണായക സെനറ്റ് യോഗത്തിൽ പങ്കെടുത്തില്ല എന്ന് കാട്ടിയായിരുന്നു സെനറ്റ് അംഗങ്ങളെ ഗവർണർ പിൻവലിച്ചത്.
സെനറ്റ് അംഗങ്ങൾ ഇതിനെതിരെ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങൾ കാരണം കാണിക്കൽ നോട്ടീസ് നൽകാതെയുള്ള ഗവർണറുടെ നടപടി ചോദ്യം ചെയ്‌ത് ഹൈക്കോടതിയിൽ പോവുകയും അനുകൂലമായ വിധി നേടിയെടുക്കുകയുമായിരുന്നു. കേരള സർവകലാശാലയിലേക്ക് പുതിയ വൈസ് ചാൻസലറെ കണ്ടെത്താൻ വിളിച്ച യോഗത്തിൽ ഗവർണർ നാമനിർദേശം ചെയ്‌ത 13 പേരിൽ രണ്ടുപേർ മാത്രമായിരുന്നു പങ്കെടുത്തത്. തുടർന്ന് 11 പേരെയും നാലു വകുപ്പ് മേധാവികളെയും ചാൻസിലർ കൂടിയായ ഗവർണർ പുറത്താക്കുകയായിരുന്നു.
പക്ഷെ അംഗങ്ങളെ പുറത്താക്കിയ ഗവർണറുടെ ഉത്തരവ് നടപ്പിലാക്കുന്നതിന് പകരം കേരള സർവകലാശാല വൈസ് ചാൻസലർ ഡോക്‌ടർ വി പി മഹാദേവൻ പിള്ള ഉത്തരവിൽ വ്യക്തത തേടി ഗവർണർക്ക് കത്ത് നൽകി. എന്നാൽ തന്‍റെ ഉത്തരവ് അടിയന്തരമായി നടപ്പിലാക്കാനായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍റെ നിർദ്ദേശം. സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവർണറുടെ നടപടി ചട്ടവിരുദ്ധമാണെന്ന വാദത്തെ അംഗീകരിച്ചു കൊണ്ടാണ് ജസ്‌റ്റിസ് സതീഷ് നൈനാന്‍റെ ബെഞ്ച് മാർച്ച് 24ന് സെനറ്റിന് അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്.
സെനറ്റ് അംഗങ്ങൾ തനിക്കെതിരെ നിഴൽ യുദ്ധം നടത്തുകയാണന്നായിരുന്നു ഗവർണറുടെ വാദം. ഇതിനാൽ പ്രീതി പിൻവലിച്ചതെന്നായിരുന്നു കോടതിയെ അറിയിച്ചത്. എന്നാൽ വ്യക്തിപരമായി ഗവർണർക്ക് പ്രീതി പിൻവലിക്കാൻ അധികാരമില്ലെന്ന് കോടതി വിമർശിച്ചിരുന്നു. നാമനിർദ്ദേശം ചെയ്‌തവർ നിയമലംഘനം നടത്തിയാൽ മാത്രമേ പ്രീതി പിൻവലിക്കാൻ സാധിക്കൂ എന്നും നിലവിൽ അങ്ങനെയൊരു സാഹചര്യം ഇല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.