തിരുവനന്തപുരം :കേരള സർവകലാശാല അസിസ്റ്റന്‍റ് നിയമന പരീക്ഷയുടെഉത്തരക്കടലാസുകൾ കാണാതായ കേസിൽ സംസ്ഥാന ക്രൈംബ്രാഞ്ച് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് തള്ളി. ഉത്തരക്കടലാസ് നഷ്‌ടപ്പെട്ടതിന് ഉത്തരവാദികളെ കണ്ടെത്തുന്നതിന് പുനരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കാൻ വിജിലൻസ് കോടതി ജഡ്‌ജി ജി. ഗോപകുമാർ നിർദേശിച്ചു. മൂന്ന് മാസത്തിനുള്ളിൽ ഹൈക്കോടതി നിർദേശിച്ചത് പ്രകാരമുള്ള റിപ്പോർട്ട് വിജിലൻസ് കോടതിക്ക് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.
പുനരന്വേഷണത്തിന് ഉത്തരവ് : ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണം ഹൈക്കോടതിയുടെ ഉത്തരവിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ ജഡ്‌ജി, കോടതി നിർദേശിച്ച ആദ്യ റിപ്പോർട്ടിലെ ന്യൂനതകൾ പരിഹരിക്കുന്നതിന് പകരം വളരെ ഉദാസീനമായാണ് ക്രൈംബ്രാഞ്ച് പുതിയ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നതെന്ന് വിമര്‍ശിച്ചു. റിപ്പോർട്ട് അപൂർണമായതിനാൽ തിരികെ ഏൽപ്പിച്ച് മൂന്ന് മാസത്തിനുള്ളിൽ ഹൈക്കോടതി നിർദേശിച്ചത് പ്രകാരമുള്ള റിപ്പോർട്ട് വിജിലൻസ് കോടതിക്ക് സമർപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു.
തീരുമാനം നിയമോപദേശത്തോടെ : 40000 ഒ.എം.ആർ ഉത്തരക്കടലാസുകൾ നശിപ്പിച്ചെന്നാണ് കേസ്. 2008ൽ കേരള സർവകലാശാലയിൽ 200ഓളം അസിസ്റ്റന്‍റുമാരെയാണ് നിയമിച്ചത്. സംഭവത്തിൽ ഉത്തരവാദികളായവരെ കണ്ടെത്താനാവില്ലെന്നും ഉത്തരക്കടലാസുകൾ കാണാതായതിന് തെളിവുകൾ ലഭ്യമല്ലാത്തതുകൊണ്ട് കേസ് എഴുതി തള്ളണമെന്നുമാണ് ക്രൈംബ്രാഞ്ച് കോടതിയിൽ ആവശ്യപ്പെട്ടത്.
കേരള സർവകലാശാല വി.സിയായിരുന്ന ഡോ. എം.കെ രാമചന്ദ്രൻ നായർ, പ്രോ-വൈസ് ചാൻസലർ ഡോ. വി. ജയപ്രകാശ്, രജിസ്ട്രാർ കെ.എ ഹാഷിം, സിൻഡിക്കേറ്റ് അംഗങ്ങളായിരുന്ന അഡ്വ. എ.എ റഷീദ്, ബി.എസ് രാജീവ്, കെ.എ ആൻഡ്രൂ, എം.പി റസ്സൽ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ക്രൈംബ്രാഞ്ച് നേരത്തെ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നത്. എന്നാൽ പ്രതികൾ ഹൈക്കോടതിയെ സമീപിച്ച് കുറ്റപത്രം റദ്ദാക്കിച്ചു.
നിയമനം ലഭിച്ചവരെക്കൂടി എതിർ കക്ഷികളാക്കി പുനരന്വേഷണ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ പുതുതായി ഫയൽ ചെയ്യാൻ നേരത്തെ ഹൈക്കോടതി ജസ്റ്റിസ് കെമാൽ പാഷ ഉത്തരവിട്ടിരുന്നു. പുനരന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയുള്ള അപ്പീൽ നിലനിൽക്കില്ലെന്ന നിയമോപദേശം ലഭിച്ചതുകൊണ്ട് പുനരന്വേഷണം നടത്തി കുറ്റപത്രം നൽകുന്നതിന് പകരം കേസ് എഴുതിത്തള്ളാൻ ക്രൈംബ്രാഞ്ച് തീരുമാനിക്കുകയായിരുന്നു.
നടപടി പരാതിക്കാരനറിയാതെ :അന്വേഷണ ചുമതലയുണ്ടായിരുന്ന ഡി.വൈ.എസ്.പി സർവീസിൽ നിന്നും പിരിയുന്നതിന് തലേദിവസം കേസ് എഴുതി തള്ളിക്കൊണ്ടുള്ള റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. പരാതിക്കാരനായ മുൻ സെനറ്റ് അംഗം സുജിത് എസ്. കുറുപ്പിന്‍റെ മൊഴിപോലും രേഖപ്പെടുത്താതെ അതീവ രഹസ്യമായിട്ടാണ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. പൊലീസ് വകുപ്പിൽ നിന്ന് തന്നെ വിവരം അറിഞ്ഞ ഉടൻ സുജിത് എസ്. കുറുപ്പ് അഡ്വ. മൃദുൽ ജോൺ മാത്യു മുഖേന തടസഹർജി ഫയൽ ചെയ്തു.