തിരുവനന്തപുരം: കേരളം സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ക്ക് നാടിന്‍റെ സംസ്‌കാരവും കലയും പ്രകൃതിഭംഗിയും ആവോളം ആസ്വദിക്കുവാന്‍ സ്‌മരണിക ശില്‍പങ്ങളുമായി കേരള ടൂറിസം. നാടിന്‍റെ ചരിത്രം, സംസ്‌കാരം, കല, ഭൂമിശാസ്‌ത്രപരമായ പ്രത്യേകത എന്നിവയുമായി ബന്ധപ്പെട്ട 15 സ്‌മരണിക ശില്‍പങ്ങളാണ് ഉത്തരവാദിത്വ മിഷന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കുന്നത്. കേരളം കണ്ട് മടങ്ങുന്ന സഞ്ചാരികള്‍ക്ക് സൂക്ഷിക്കാവുന്ന മനോഹരങ്ങളായ ചെറുശില്‍പങ്ങളാണ് ഒരുക്കുന്നത്.
ഇതിനായി സംസ്ഥാനത്തെ വിവിധ കരകൗശല വസ്‌തു നിര്‍മാതാക്കളെ ചേര്‍ത്തിണക്കി സ്‌മരണിക ശൃംഖല തയ്യാറാക്കി ടൂറിസം വകുപ്പ് വിദഗ്‌ധ പരിശീലനം നല്‍കും. സ്‌മരണിക ശൃംഖലകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇതിന്‍റെ വില്‍പ്പന ശാലകള്‍ തുടങ്ങും.
പൊതുജന പങ്കാളിത്തത്തോടെയാകും ഇത്തരം ശില്‍പശാലകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുക. ഇതിലൂടെ സംസ്ഥാനത്തിന്‍റെ പ്രാദേശിക തൊഴിലും വരുമാനവും വര്‍ധിപ്പിക്കാനാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്. ശൃംഖലയില്‍ ഉള്‍പ്പെട്ട ശില്‍പികള്‍ ഓരോ ജില്ലയ്ക്കും അനുയോജ്യമായ ശില്‍പങ്ങളുടെ മാതൃക തയ്യാറാക്കും.
also read:പെണ്‍കുട്ടികള്‍ക്കുനേരെ അധ്യാപകന്‍റെ ലൈംഗികാതിക്രമം; സ്‌കൂളിലേക്ക് പോകാന്‍ കൂട്ടാക്കാതെ വിദ്യാര്‍ഥികള്‍, കേസെടുത്ത് പൊലീസ്
ഇതില്‍ നിന്ന് മികച്ച സ്‌മരണികകള്‍ തെരഞ്ഞെടുക്കും. പ്ലാസ്റ്റിക് ഒഴിവാക്കി മറ്റെന്ത് വസ്‌തുക്കള്‍ ഉപയോഗിച്ചും ശില്‍പങ്ങള്‍ നിര്‍മിക്കാം. ഉത്തരവാദിത്ത മിഷന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന ഈ സ്‌മരണികകള്‍ നിര്‍മിക്കുന്ന കേരള സുവനീര്‍ നെറ്റ്‌വര്‍ക്കിന്‍റെ ഉദ്ഘാടനം മെയ് 18ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് തിരുവനന്തപുരത്തെ വെള്ളാര്‍ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജില്‍ നിര്‍വഹിക്കും. ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ വെബ്സൈറ്റിലൂടെയും ശില്‍പങ്ങള്‍ വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഹെലി ടൂറിസം കേരളത്തിന്‍റെ പുത്തന്‍ പ്രതീക്ഷ:കേരളത്തില്‍ ടൂറിസം മേഖലയ്‌ക്ക് കൂടുതല്‍ കരുത്ത് പകരുന്നതിന് കൂടിയാണ് ഇത്തരം പദ്ധതികളെല്ലാം നടപ്പിലാക്കുന്നത്. ഇതിന്‍റെയെല്ലാം ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസം ഹെലി ടൂറിസം പദ്ധതിക്കും സര്‍ക്കാര്‍ തുടക്കമിട്ടത്. ഹെലികോപ്‌റ്റര്‍ വഴി കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ഹെലി ടൂറിസം.
കേരളത്തില്‍ ഹെലി ടൂറിസം പദ്ധതി നടപ്പിലാക്കാന്‍ നിരവധി ഏജന്‍സികള്‍ ഇതിനകം തന്നെ താത്‌പര്യമുണ്ടെന്ന് സര്‍ക്കാറിനെ വിവരം അറിയിച്ചിട്ടിട്ടുണ്ട്. നിലവില്‍ ഇടുക്കിയിലെ പീരുമേട് മാത്രമാണ് പദ്ധതിയുള്ളത്. കേരളത്തില്‍ വിമാനത്താവളങ്ങളുടെ എയര്‍ സ്‌ട്രിപ്പുകളും ബന്ധിപ്പിച്ചിട്ടുള്ള പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം.
ബേക്കല്‍, വയനാട് എന്നിവിടങ്ങളില്‍ അടുത്തിടെ തന്നെ പദ്ധതി കൊണ്ടുവരും. മറ്റ് പദ്ധതികളെക്കാള്‍ ഹെലി ടൂറിസം പദ്ധതി ഏറെ സാമ്പത്തിക ചെലവുണ്ടാക്കും. എന്നാല്‍ സമയ ലാഭമുണ്ടാകുമെന്നതിനാല്‍ കൂടുതല്‍ സഞ്ചാരികളെ ഇതിലേക്ക് ആകര്‍ഷിക്കുമെന്നാണ് നിലവില്‍ സര്‍ക്കാറിന്‍റെ വിലയിരുത്തല്‍.
കേരളത്തിന്‍റെ പ്രകൃതിരമണീയമായ മലനിരകളും കാനന ഭംഗിയുമെല്ലാം മുകളില്‍ നിന്ന് ആവോളം ആസ്വദിക്കാനാകുമെന്നതാണ് ഹെലി ടൂറിസത്തിന്‍റെ പ്രത്യേകത. നിരവധി ടൂറിസം കേന്ദ്രങ്ങളെ കോര്‍ത്തിണക്കുന്ന പദ്ധതി വിനോദ സഞ്ചാരികള്‍ക്ക് ഏറെ കൗതുകം നല്‍കുമെന്നാണ് ടൂറിസം വകുപ്പിന്‍റെ വിലയിരുത്തല്‍.
also read:WTC Final | ഇന്ത്യന്‍ ബാറ്റര്‍മാരുടെ 'ശവപ്പറമ്പാവുമോ' ഓവല്‍ ?; രോഹിത്തിന്‍റേയും സംഘത്തിന്‍റേയും ചങ്കിടിപ്പ് കൂട്ടി പിച്ച്