തിരുവനന്തപുരം : ഓണക്കാലത്ത് അത്തപ്പൂക്കളമിടാൻ മലയാളി എന്നും ആശ്രയിക്കുന്നത് അന്യ സംസ്ഥാനങ്ങളിലെ പൂപ്പാടങ്ങളെയാണ്. തമിഴ് നാട്ടിലെ തോവാളയും പൊള്ളാച്ചിയും സുന്ദരപാണ്ഡ്യപുരവുമെല്ലാം കേരളത്തിലേക്കുള്ള പ്രധാന പൂ മാർക്കറ്റുകളാണ്. എന്നാല്‍ തിരുവനന്തപുരം ജില്ലയിലെ കാഞ്ഞിരംകുളത്തേക്കാണ് ഇപ്പോൾ പൂക്കൾ വാങ്ങാൻ ആവശ്യക്കാർ ഓടിയെത്തുന്നത്.
പൂക്കൾ തേടി കാഞ്ഞിരംകുളത്തേക്ക് പോകാം - kanjiramkulam
തിരുവനന്തപുരം ജില്ലയിലെ കാഞ്ഞിരംകുളത്തെ പൂക്കടകൾ ഇപ്പോൾ അറിയപ്പെടുന്നത് കേരളത്തിലെ തോവാള എന്നാണ്.
തെറ്റി, മുല്ല, അരളി, ജമന്തി, റോസ് തുടങ്ങിയ എല്ലാത്തരം പൂക്കളും കൊണ്ട് സമ്പന്നമാണ് കാഞ്ഞിരംകുളത്തെ പൂക്കടകൾ. ബാംഗ്ലൂർ, ഹൊസൂർ, തോവാള തുടങ്ങിയ സ്ഥലങ്ങളിലെ കർഷകരിൽ നിന്ന് നേരിട്ട് വാങ്ങുന്ന പൂക്കൾ കാഞ്ഞിരംകുളത്ത് എത്തിച്ചാണ് വ്യാപാരം നടത്തുന്നത്. അതിനാൽ ഏറ്റവും വില കുറച്ച് പൂക്കൾ വിപണനം നടത്താൻ കഴിയുമെന്ന് വ്യാപാരികൾ പറയുന്നു. കഴിഞ്ഞ പ്രളയകാലത്ത് പൂവിപണിയിൽ വന്ന നഷ്‌ടം നികത്താൻ കഴിയും എന്ന പ്രതീക്ഷയും വ്യാപാരികൾ കൈവിടാതെ സൂക്ഷിക്കുന്നു. ജില്ലക്ക് അകത്തും പുറത്തുനിന്നുമായി നിരവധിപേരാണ് ഈ കൊച്ചു തോവാളയിലേക്ക് ഒഴുകിയെത്തുന്നത്.