സംസ്ഥാനത്ത് തിയേറ്ററുകള്‍ ഇന്ന് തുറക്കുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ടാണ് സംസ്ഥാനത്തെ തിയേറ്ററുകള്‍ ഇന്ന് തുറക്കുന്നത്. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകള്‍ ഇന്ന് തുറക്കുമെങ്കിലും ബുധനാഴ്‌ചയോടെ മാത്രമേ പ്രദര്‍ശനം ആരംഭിക്കൂ. ആദ്യ രണ്ട് ദിനങ്ങളില്‍ ശുചീകരണവും മറ്റ് ഒരുക്കങ്ങളും നടത്തി പ്രൊജക്‌ടറുകള്‍ പ്രവര്‍ത്തന സജ്ജമാണെന്ന് വിലയിരുത്തിയ ശേഷമേ പ്രദര്‍ശനം ആരംഭിക്കൂള്ളൂ.
ജീവനക്കാര്‍ക്കുള്ള വാക്സിനേഷനും ഇതിനകം തന്നെ പൂര്‍ത്തിയാക്കും. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമാകും പ്രവേശനം അനുവദിക്കുക. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളിലേത് പോലെ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരെയും അനുവദിക്കണമെന്നും തിയേറ്ററുകളില്‍ നൂറ് ശതമാനം പ്രവേശനത്തിന് അനുമതി നല്‍കണമെന്നും ഫിയോക്ക് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ജയിംസ് ബോണ്ട് ചിത്രം 'നോ ടൈം ടു ഡൈ' ആണ് ആദ്യം പ്രദര്‍ശനത്തിനെത്തുക. ജോജു ജോര്‍ജ് ചിത്രം 'സ്‌റ്റാര്‍', ശിവകാര്‍ത്തിയേന്‍റെ 'ഡോക്‌ടര്‍', 'വെനം 2' എന്നിവയാണ് ആദ്യ റിലീസുകള്‍. 'ഡോക്‌ടര്‍' വ്യാഴാഴ്ച്ചയും 'സ്റ്റാര്‍' വെള്ളിയാഴ്ച്ചയുമാണ് പ്രദര്‍ശനത്തിനെത്തുക. പകുതി സീറ്റുകളിലായിരിക്കും പ്രവേശനം.