കേരളം

kerala

ETV Bharat / state

റിപ്പബ്ലിക്ക് ദിന പരേഡിലേക്കുള്ള നിശ്ചല ദൃശ്യത്തിന്‍റെ 10 മാതൃകകളും തള്ളി കേന്ദ്രം : ഇത്തവണയും കേരളത്തിന് അനുമതിയില്ല - റിപബ്ലിക്ക് ദിന പരേഡ്

Kerala tableau rejected : റിപ്പബ്ലിക്ക് ദിന പരേഡിലേക്കായി കേരളം സമര്‍പ്പിച്ച 10 മാതൃകകള്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം തള്ളി. പഞ്ചാബ്, ബംഗാള്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യ മാതൃകകള്‍ക്കും കേന്ദ്രം അനുമതി നിഷേധിച്ചിട്ടുണ്ട്. 2020 ലും കേരളത്തിന്‍റേത് തള്ളിയിരുന്നു

Kerala tableau rejected  Republic day parade  റിപബ്ലിക്ക് ദിന പരേഡ്  നിശ്ചലദൃശ്യം
Union government rejected Kerala's tableau for Republic day parade

By ETV Bharat Kerala Team

Published : Jan 1, 2024, 11:43 AM IST

Updated : Jan 1, 2024, 2:45 PM IST

തിരുവനന്തപുരം : ഈ വർഷത്തെ റിപ്പബ്ലിക്ക് ദിന പരേഡിലും കേരളത്തിന്‍റെ നിശ്ചലദൃശ്യത്തിന് അനുമതിയില്ല. കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് കേരളം സമര്‍പ്പിച്ച മാതൃകകള്‍ തള്ളിയത് (Union government rejected Kerala's tableau). ''വികസിത ഭാരതം'', ''ഇന്ത്യ ജനാധിപത്യത്തിന്‍റെ മാതാവ്'' എന്നീ വിഷയങ്ങളിലായിരുന്നു കേരളത്തിന്‍റെ നിശ്ചലദൃശ്യം തയ്യാറാക്കാനിരുന്നത്.

കേരളത്തിന് പുറമെ പഞ്ചാബ്, ബംഗാള്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യ മാതൃകകള്‍ക്കും കേന്ദ്രം അനുമതി നിഷേധിച്ചിട്ടുണ്ട്. എല്ലാ വർഷവും പത്തോ പതിനഞ്ചോ സംസ്ഥാനങ്ങൾക്ക് മാത്രമാണ് കേന്ദ്രം അനുമതി നൽകുന്നത്. 10 മാതൃകകൾ ആണ് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് മുമ്പാകെ കേരളം സമര്‍പ്പിച്ചത്.

റിപ്പബ്ലിക്ക് ദിന പരേഡിൽ (Republic day parade) നിശ്ചലദൃശ്യങ്ങൾ അവതരിപ്പിക്കാൻ അനുമതി ലഭിക്കാത്ത സംസ്ഥാനങ്ങൾക്ക് ഭാരത് പര്‍വില്‍ അവതരിപ്പിക്കാമെന്ന് പ്രതിരോധ മന്ത്രാലയം കേരളത്തിന് നിര്‍ദ്ദേശം നൽകിയിരുന്നു. അതേസമയം, വിഷയത്തില്‍ സംസ്ഥാനം തീരുമാനമൊന്നും എടുത്തിട്ടില്ല. ജനുവരി 23 മുതല്‍ 31 വരെ ഡല്‍ഹിയിലെ ചെങ്കോട്ടയിലാണ് ഭാരത് പര്‍വ് പരിപാടി നടക്കുന്നത്.

2020ലായിരുന്നു അവസാനമായി കേരളത്തിന്‍റെ നിശ്ചലദൃശ്യത്തിന് അനുമതി നിഷേധിച്ചിരുന്നത്. എന്നാൽ 2021 ലും 2022 ലും കേരളത്തിന്‍റെ നിശ്ചലദൃശ്യം റിപ്പബ്ലിക്ക് ദിന പരേഡില്‍ ഉൾപ്പെടുത്താൻ അനുമതി ലഭിച്ചിരുന്നു.

2020 ലും കേരളത്തിന് അവഗണന : 2020 ലെ റിപ്പബ്ലിക് ദിന പരേഡിലും കേരളത്തിന്‍റെ നിശ്ചലദൃശ്യം ഒഴിവാക്കിയിരുന്നു. സംസ്ഥാനത്തിന്‍റെ സാംസ്‌കാരികത ഉൾക്കൊള്ളുന്ന തുഴവഞ്ചിയും തോണിയുമാണ് അന്ന് കേരളം അവതരിപ്പിച്ചത്. എന്നാൽ നിശ്ചലദൃശ്യം അവതരിപ്പിക്കാൻ കേന്ദ്രം അനുമതി നൽകിയിരുന്നില്ല.

വള്ളംകളി, കഥകളി, ചെണ്ട, കലാമണ്ഡലം, മോഹിനിയാട്ടം, തെയ്യം തുടങ്ങിയ കേരളത്തിന്‍റെ സാംസ്‌കാരികത വിളിച്ചോതുന്ന ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന തുഴവഞ്ചിയും തോണിയുമായിരുന്നു കേരളം അവതരിപ്പിച്ചത്. ബംഗാളിൽ നിന്നുള്ള കലാകാരനായ ബാപ്പ ചക്രവർത്തി ആയിരുന്നു നിശ്ചലദൃശ്യം തയാറാക്കിയത്.

പശ്ചിമ ബംഗാളിന്‍റെയും മഹാരാഷ്ട്രയുടെയും ഫ്ലോട്ടുകൾക്കും 2020 ൽ കേന്ദ്രം അനുമതി നൽകിയിരുന്നില്ല. 2019 ലും കേരളത്തിന് അനുമതി ലഭിച്ചിട്ടില്ല.

ശ്രദ്ധേമായി 2023 ലെ നിശ്ചലദൃശ്യം : 2023 റിപ്പബ്ലിക് ദിനത്തില്‍ കേരളം അവതരിപ്പിച്ച നിശ്ചലദൃശ്യം ശ്രദ്ധേയമായിരുന്നു. സ്‌ത്രീശക്തി പ്രമേയമാക്കിയാണ് 2023ൽ കേരളം റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്തത്. സംസ്ഥാനത്തിന്‍റെ കലാപാരമ്പര്യം ഫ്ലോട്ടില്‍ മുഖ്യ ആകര്‍ഷണമായിരുന്നു.

കേരളത്തില്‍ നിന്ന് ആദ്യമായാണ് ഗോത്ര നൃത്തം ഫ്ലോട്ടില്‍ ഇടം പിടിച്ചത്. സംസ്ഥാനത്തെ നാടന്‍ കലാപാരമ്പര്യവും ബേപ്പൂര്‍ ഉരുവിന്‍റെ മാതൃകയില്‍ നിര്‍മിച്ച ഫ്ലോട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു. 24 വനിതകളാണ് കേരളത്തെ പ്രതിനിധാനം ചെയ്‌ത്, കഴിഞ്ഞ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്തത്.

കളരിപ്പയറ്റ്, ശിങ്കാരി മേളം, ഗോത്ര നൃത്തം എന്നിവ ഫ്ലോട്ടിലുണ്ടായിരുന്നു. സാക്ഷരത മിഷന്‍ പദ്ധതിയും കുടുംബശ്രീ പദ്ധതിയും ഫ്ലോട്ടിന്‍റെ പ്രധാന ആകര്‍ഷണങ്ങളായി മാറിയിരുന്നു. 96-ാം വയസില്‍ സാക്ഷരത പരീക്ഷ ജയിച്ച് 2020ലെ നാരീശക്തി പുരസ്‌കാരം നേടിയ ചേപ്പാട് സ്വദേശി കാര്‍ത്ത്യായനി അമ്മയുടെ പ്രതിമയായിരുന്നു ഫ്ലോട്ടിലെ മുഖ്യ ഘടകം. മികച്ച ഗായികയ്‌ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ നഞ്ചിയമ്മയുടെ നേതൃത്വത്തില്‍ അട്ടപ്പാടിയിലെ ഗോത്ര നൃത്തമായ ഇരുളനൃത്തം അവതരിപ്പിച്ചിരുന്നു.

Last Updated : Jan 1, 2024, 2:45 PM IST

ABOUT THE AUTHOR

...view details