കേരളം

kerala

ETV Bharat / state

'അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്‍റെ സാന്നിധ്യം വര്‍ധിക്കുന്നു': ചുട്ടു പഴുത്ത് കേരളം

കടുത്ത വേനലിനെ തുടര്‍ന്ന് കേരളം ചുട്ടുപഴുക്കുന്നതിലെ വില്ലന്‍ ഉയര്‍ന്ന അന്തരീക്ഷ ഈര്‍പ്പമാണെന്ന് വിലയിരുത്തി വിദഗ്‌ധര്‍, ചൂടിന് ആശ്വാസമായി തെക്കന്‍ ജില്ലകളില്‍ വേനല്‍ മഴ തിങ്കളാഴ്‌ച മുതല്‍ ആരംഭിക്കുമെന്ന് പ്രവചനം

Kerala Summer  Kerala Summer and Atmospheric humidity  Atmospheric humidity Expert instructions  Atmospheric humilidy  Atmospheric humilidy also becomes Villian  കൂനിന്മേല്‍ കുരുവായി ഈര്‍പ്പം  വേനലില്‍ കേരളം ചുട്ടുപൊള്ളുമ്പോള്‍  കേരളം ചുട്ടുപൊള്ളുമ്പോള്‍  വില്ലനായി അന്തരീക്ഷത്തിലെ ഈര്‍പ്പവും  കടുത്ത വേനലിനെ തുടര്‍ന്ന്  വില്ലന്‍  തെക്കന്‍ ജില്ലകളില്‍ വേനല്‍ മഴ  വേനല്‍ മഴ  കാലാവസ്ഥ വിദഗ്‌ദര്‍  താപനില  ജില്ലകളിലെ താപനില  അന്തരീക്ഷ ഈര്‍പ്പത്തിന്‍റെ നില
വേനലില്‍ കേരളം ചുട്ടുപൊള്ളുമ്പോള്‍ വില്ലനായി അന്തരീക്ഷത്തിലെ ഈര്‍പ്പവും

By

Published : Mar 11, 2023, 3:07 PM IST

Updated : Mar 11, 2023, 4:15 PM IST

തിരുവനന്തപുരം:വേനല്‍ചൂടില്‍ കേരളം ചുട്ടുപൊള്ളുന്നതിലെ വില്ലന്‍ ഉയര്‍ന്ന ആര്‍ദ്രത (ഹുമിഡിറ്റി) അഥവ അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്‍റെ സാന്നിധ്യം എന്ന പ്രതിഭാസമെന്ന് കാലാവസ്ഥ വിദഗ്‌ധര്‍. അന്തരീക്ഷ താപനില കുറഞ്ഞിരിക്കുമ്പോള്‍ പോലും ഈര്‍പ്പത്തിന്‍റെ സാന്നിധ്യം കൂടുതലാണെങ്കില്‍ കനത്ത ചൂട് അനുഭവപ്പെടും. സ്വാഭാവികമായും കേരളത്തിലെ ഉയര്‍ന്ന താപനിലയും അന്തരീക്ഷത്തിലെ ആര്‍ദ്രതയുടെ അളവ് കൂടുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ അത്യുഷ്‌ണത്തിനു കാരണമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്.

കടലിലും കരയിലുമായി ബാഷ്‌പീകരണം കൂടുതല്‍ നടക്കുന്ന സംസ്ഥാനമാണ് കേരളം. അതുകൊണ്ട് തന്നെ അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്‍റെ സാന്നിധ്യം ഉയര്‍ന്നതാണ്. ഇതാണ് ഇപ്പോള്‍ ചൂടുകാലത്ത് വില്ലനാകുന്നത്. നിലവില്‍ 60 ശതമാനത്തിന് അടുത്താണ് സംസ്ഥാനത്തെ അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്‍റെ തോത്. ഇതുമൂലം 30 മുതല്‍ 31 ഡിഗ്രി വരെ അന്തരീക്ഷ താപനില വര്‍ധിച്ചാല്‍ താപസൂചിക 40 മുതല്‍ 45 ഡിഗ്രി വരെ കടക്കും. അതായത് താപനിലയിലെ ചെറിയ വ്യത്യാസം പോലും സ്ഥിതി രൂക്ഷമാക്കും. ഇതുകൊണ്ടാണ് ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പുമെല്ലാം പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. മാത്രമല്ല സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് ഉയര്‍ന്ന ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ജില്ലകളിലെ താപനില(ഡിഗ്രി സെല്‍ഷ്യസില്‍):തിരുവനന്തപുരം-32.5, കൊല്ലം-31, പത്തനംതിട്ട-32.7, ആലപ്പുഴ-32, കോട്ടയം-33.2, ഇടുക്കി-25.2, എറണാകുളം-35.8, തൃശ്ശൂര്‍-33.7, പാലക്കാട്-31.9, മലപ്പുറം-32, വയനാട്-29.7, കോഴിക്കോട്-33.1, കണ്ണൂര്‍-36, കാസര്‍കോട്-33.3 എന്നിങ്ങനെയാണ് ജില്ലയിലെ താപനില.

അന്തരീക്ഷ ഈര്‍പ്പത്തിന്‍റെ നില (ശതമാനത്തില്‍):തിരുവനന്തപുരം-56, കൊല്ലം-51, പത്തനംതിട്ട-37, ആലപ്പുഴ-60, കോട്ടയം-53, ഇടുക്കി-56, എറണാകുളം-45, തൃശ്ശൂര്‍-46, പാലക്കാട്-55, മലപ്പുറം-13, വയനാട്-26, കോഴിക്കോട്-46, കണ്ണൂര്‍-33, കാസര്‍കോട്-29 എന്നിങ്ങനെയാണ്.

ഉയര്‍ന്ന ചൂടും അന്തരീക്ഷ ഈര്‍പ്പവും വരും ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെയടക്കം മുന്നറിയിപ്പ്. തിങ്കളാഴ്‌ചയോടെ വേനല്‍ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. അതും തെക്കന്‍ ജില്ലകളില്‍ മാത്രമാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് തിങ്കളാഴ്‌ച മുതല്‍ വേനല്‍മഴയ്ക്ക് സാധ്യത.

പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിരിക്കുന്ന മുന്നറിയിപ്പുകള്‍:

  • പകല്‍ 11 മുതല്‍ 3 മണി വരെയുള്ള സമയത്ത് തുടര്‍ച്ചയായി സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക.
  • ധാരാളം വെള്ളം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിര്‍ജലീകരണം തടയാന്‍ എപ്പോഴും കുടിവെള്ളം കരുതുക.
  • നിര്‍ജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുക.
  • അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
  • പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമാണ്.
  • വേനല്‍ ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
  • വേനല്‍ക്കാലത്ത് മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ തീപിടിത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
  • വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും, ക്ലാസ്സ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായതിനാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
  • വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
  • അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
  • പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
  • ഇരു ചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും അതുപോലെ ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്‌പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.
  • നിര്‍മാണ തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
  • ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കുക.
  • പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
  • കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്‌ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.
  • അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
  • കാലാവസ്ഥ വകുപ്പിന്‍റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
Last Updated : Mar 11, 2023, 4:15 PM IST

ABOUT THE AUTHOR

...view details