കേരളം

kerala

ETV Bharat / state

'വർഗീയ ധ്രുവീകരണവും മുസ്‌ലിം വിദ്വേഷവും ജനിപ്പിക്കുന്നത്'; കേരള സ്‌റ്റോറിക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി ഡിവൈഎഫ്‌ഐ

ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ തന്നെ ഏറെ വിവാദങ്ങള്‍ക്കിടവരുത്തിയ കേരള സ്‌റ്റോറി മെയ്‌ അഞ്ചിനാണ് പ്രദര്‍ശനത്തിനെത്തുന്നത്

Kerala story DYFI filed complaint  Kerala story DYFI filed complaint to DGP  Kerala story  DYFI filed complaint to DGP  Communal polarization  Muslim hatred  DYFI  DGP  മുസ്‌ലിം വിദ്വേഷം ജനിപ്പിക്കുന്നത്  കേരള സ്‌റ്റോറിക്കെതിരെ ഡിജിപിക്ക് പരാതി  കേരള സ്‌റ്റോറി  ഡിജിപിക്ക് പരാതി നല്‍കി ഡിവൈഎഫ്‌ഐ  ഡിവൈഎഫ്‌ഐ  ഡിജിപി  സംസ്ഥാന പൊലീസ് മേധാവി  കേരള സ്‌റ്റോറി പ്രദര്‍ശനത്തിനെത്തുന്നത്
കേരള സ്‌റ്റോറിക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി ഡിവൈഎഫ്‌ഐ

By

Published : May 4, 2023, 3:40 PM IST

തിരുവനന്തപുരം:ഏറെ വിവാദങ്ങള്‍ക്കിടവരുത്തിയ'കേരള സ്‌റ്റോറി'ക്കെതിരെ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന് പരാതി നൽകി ഡിവൈഎഫ്ഐ. വർഗീയ ധ്രുവീകരണവും മുസ്‌ലിം വിദ്വേഷം ജനിപ്പിക്കുകയും ചെയ്യുന്നതാണ് സിനിമ. ഇത്തരം സിനിമകൾ പ്രദർശിപ്പിക്കുന്നത് വർഗീയ കലാപങ്ങൾക്ക് കാരണമാവുമെന്നും ഡിവൈഎഫ്‌ഐ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

പരാതിയില്‍ എന്തെല്ലാം:സിനിമയുടെ ട്രെയിലർ തന്നെ മുസ്‌ലീങ്ങളെ അപമാനിക്കുന്നതാണ്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153 എ, 295 എ എന്നിവ പ്രകാരം ക്രിമിനൽ കുറ്റകൃത്യമാണ് ചെയ്‌തിരിക്കുന്നത്. അതിനാൽ സിനിമയുടെ സംവിധായകനും നിർമാതാവിനുമെതിരെ കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം നടത്തണമെന്നും ഡിവൈഎഫ്‌ഐ പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജാണ് ഡിജിപി അനിൽകാന്തിന് പരാതി നൽകിയിരിക്കുന്നത്.

സിനിമ വ്യാജമായി നിര്‍മിച്ചത്:കേരളത്തിൽ നിലവിലില്ലാത്ത സാഹചര്യത്തെ വ്യാജമായി നിർമിച്ച കേരളത്തിന്‍റെ കഥയാണ് എന്ന തലക്കെട്ടിൽ പ്രദർശിപ്പിക്കുന്നത് ഗൂഢ ലക്ഷ്യത്തോടെയാണ്. സാധാരണക്കാരായ ജനങ്ങളിൽ ഭയവും ഭിന്നിപ്പും ജനിപ്പിക്കാനാണ് ശ്രമം. കേരളത്തിന് പുറത്തുള്ളവരിൽ മലയാളികളോട് സ്‌പർദ്ധയും വെറുപ്പുമുണ്ടാകാൻ സിനിമ കാരണമാകുമെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. വ്യാജമായ ഈ സിനിമയെ ന്യായീകരിക്കാൻ ചിലർ സംഘടിതമായി മുന്നോട്ടുവരുന്നത് കേരളത്തിന്‍റെ മതനിരപേക്ഷ സാഹചര്യത്തെ തകർക്കുന്നതാണെന്നും ഇത് തടയണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

മുസ്‌ലിം സമുദായത്തെ മുഴുവൻ ഐഎസ്ഐഎസ് എന്ന തീവ്രവാദ സംഘടനയുടെ റിക്രൂട്ടിങ് ഏജൻസിയായി ചിത്രീകരിക്കുകയാണ്. മറ്റു സമുദായത്തിൽപ്പെട്ട സ്ത്രീകളെ പ്രണയത്തിലൂടെ ആകർഷിച്ച് മതപരിവർത്തനത്തിലൂടെ തീവ്രവാദ സംഘടനയിലെത്തിക്കുന്നുവെന്നാണ് സിനിമ പറയുന്നതെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും ഡിവൈഎഫ്ഐ പരാതിയില്‍ പറയുന്നുണ്ട്.

യഥാര്‍ഥത്തില്‍ 'കേരള സ്‌റ്റോറി'യോ?:ആദ ശര്‍മയെ കേന്ദ്ര കഥാപാത്രമാക്കി സുദിപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് കേരള സ്‌റ്റോറി. മെയ്‌ അഞ്ചിനാണ് റിലീസിനെത്തുന്ന ചിത്രം വിപുൽ അമൃത്‌ലാൽ ഷായുടെ സൺഷൈൻ പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. മാത്രമല്ല കേരള സ്‌റ്റോറിയുടെ നിർമാതാവും ക്രിയേറ്റീവ് ഡയറക്‌ടറും സഹരചയിതാവും വിപുൽ അമൃത്‌ലാൽ ഷാ തന്നെയാണ്. കേരളത്തില്‍ നിന്ന് കാണാതായ 32,000 സ്‌ത്രീകളുടെ പിന്നിലെ സംഭവവികാസങ്ങളെ ചുറ്റിപറ്റിയുള്ളതാണ് ചിത്രമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വിശദീകരണം.

ചിത്രത്തിന് കഴിഞ്ഞദിവസം സെന്‍സര്‍ ബോര്‍ഡ് 'എ' സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശനാനുമതിയും നല്‍കിയിരുന്നു. സംഭാഷണങ്ങള്‍ ഉള്‍പ്പടെ ചിത്രത്തിന്‍റെ വിവിധ ഇടങ്ങളിലായി 10 മാറ്റങ്ങള്‍ നിര്‍ദേശിച്ചായിരുന്നു സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയത്.

ചിത്രത്തിനെതിരെ ഭരണ പ്രതിപക്ഷം ഒറ്റക്കെട്ട്:ചിത്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരിട്ട് രംഗത്തുവന്നിരുന്നു. പിന്നാലെ പ്രതിപക്ഷവും സ്വരം കടുപ്പിച്ചു. ചിത്രം തെറ്റായ അവകാശവാദങ്ങളിലൂടെ സമൂഹത്തിൽ വർഗീയ ചേരിതിരിവ് സൃഷ്‌ടിക്കാൻ ശ്രമിക്കുന്നതാണെന്നും അതിനാല്‍ ചിത്രത്തിന് സർക്കാർ പ്രദർശനാനുമതി നൽകരുതെന്നുമായിരുന്നു പ്രതിപക്ഷ ആവശ്യം. മുമ്പ് പുറത്തുവന്ന ട്രെയിലർ ചിത്രത്തിന്‍റെ ഉള്ളടക്കത്തെ വിവരിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും അറിയിച്ചിരുന്നു. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ പ്രശ്‌നമല്ലെന്നും മറിച്ച് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് മേൽ വിദ്വേഷം സൃഷ്‌ടിച്ച് സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കി തമ്മിലടിപ്പിച്ച് അതിൽ നിന്ന് ചോര കുടിക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വർഗീയതയുടെ വിഷം ചീറ്റി കേരളത്തെ വിഭജിക്കാമെന്ന് ആരും കരുതേണ്ടെന്നും മതസ്‌പർദ്ധ വളർത്താനുള്ള ബോധപൂർവമായ നീക്കത്തിനെതിരെ സംസ്ഥാനം ഒറ്റക്കെട്ടായി നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

ABOUT THE AUTHOR

...view details