തിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചു. യു.ഷറഫലി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷനായി ചുമതലയേറ്റതിനു പിന്നാലെയാണ് കൗണ്‍സില്‍ പുനസംഘടന. അതേസമയം മുമ്പ് അധ്യക്ഷയായിരുന്ന മേഴ്‌സികുട്ടന്‍ രാജിവച്ചതിനു പിന്നാലെ കൗണ്‍സിലിലുണ്ടായിരുന്ന ഏഴ് അംഗങ്ങളും രാജിവച്ചിരുന്നു. കായിക മേഖലയിലുള്ളവരെ കൂടാതെ ഡിവൈഎഫ്‌ഐ നേതാവ് വി.കെ സനോജും കൗണ്‍സിലില്‍ അംഗമായിട്ടുണ്ട്.
സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ഡിവൈഎഫ്‌ഐ നേതാവ് നേതാവ് ഉള്‍പ്പടെ ഏഴ് പുതിയ അംഗങ്ങള്‍ - സ്‌പോര്‍ട്‌സ് കൗണ്‍സില്‍
ഡിവൈഎഫ്‌ഐ നേതാവ് വി.കെ സനോജ് ഉള്‍പ്പടെ ഏഴ് അംഗങ്ങളുമായി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചു.
ഒളിമ്പ്യന്‍ കെ.എം ബിനു, ലോക ബോക്സിങ് ചാമ്പ്യന്‍ കെ.സി ലേഖ, ഫുട്‌ബോള്‍ താരം സി.കെ വിനീത്, അത്‌ലറ്റിക്സ് പരിശീലകന്‍ ബാബു പി.ഐ, രഞ്‌ജു സുരേഷ്, യോഗ പരിശീലകന്‍ ഗോപന്‍ ജെ.എസ് എന്നിവരാണ് പുതിയ സ്പോട്‌സ് കൗണ്‍സിലിലെ മറ്റംഗങ്ങള്‍. കായികരംഗത്തെ പ്രമുഖര്‍ക്ക് മുഖ്യപരിഗണന നല്‍കിയാണ് സംസ്ഥാന സ്പോട്‌സ് കൗണ്‍സില്‍ സ്‌റ്റാന്‍റിങ്ങ് കമ്മിറ്റി പുനഃസംഘടിപ്പിച്ചതെന്ന് കായികമന്ത്രി വി.അബ്‌ദുല്‍ റഹ്മാന്‍റെ ഓഫീസ് അറിയിച്ചു.
അതേസമയം സര്‍ക്കാരുമായുള്ള ഭിന്നതയെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി ആറിനാണ് മേഴ്‌സി കുട്ടന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷസ്ഥാനം രാജിവച്ചത്. കായിക മന്ത്രിയുമായുള്ള മാസങ്ങളായി തുടരുന്ന ശീതസമരത്തിനൊടുവിലായിരുന്നു മേഴ്‌സി കുട്ടന്‍റെ രാജി. മാത്രമല്ല കാലാവധി തീരാന്‍ ഒന്നര വര്‍ഷം അവശേഷിക്കെയായിരുന്നു മേഴ്‌സി കുട്ടന്‍റെ പടിയിറക്കം.