കായിക സംഘടനകളെ ഒരുമിപ്പിക്കുമെന്ന് യു ഷറഫലി തിരുവനന്തപുരം :കായിക സംഘടനകളുടെ പിളര്‍പ്പ് ബാധിക്കുന്നത് താരങ്ങളെയാണെന്നും ഒരു ഇനത്തിന് ഒരു സംഘടനയുടെ ആവശ്യമേയുള്ളൂവെന്നും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റായി ചുതമലയേറ്റ യു ഷറഫലി. ഭിന്നിച്ചുനില്‍ക്കുന്ന കായിക സംഘടനകളെ ഒരുമിപ്പിക്കുകയാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ് എന്ന നിലയില്‍ പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു.
ഇതിനായി കായിക സംഘടനകളെ അനുനയിപ്പിക്കാന്‍ മുന്‍കൈ എടുക്കും. കായിക സംഘടനകളുടെ ഭിന്നിപ്പില്‍ തളരുന്നത് നമ്മുടെ കായിക താരങ്ങളാണ്. അതിനാല്‍ ഇക്കാര്യത്തില്‍ ചെയ്യാവുന്നതൊക്കെ തന്‍റെ ഭാഗത്തുനിന്നുണ്ടാകും. എല്ലാ സംഘടനകളെയും കൗണ്‍സിലുമായി ചേര്‍ത്തുനിര്‍ത്തുകയാണ് ലക്ഷ്യം.
കൗണ്‍സിലിന് സാമ്പത്തിക പ്രയാസമുള്ളതായി മനസ്സിലാക്കുന്നു. ഈ പ്രതിസന്ധിക്ക് എങ്ങനെ പരിഹാരം കാണാനാകും എന്ന് പരിശോധിക്കും. സ്വന്തം നിലയില്‍ കൗണ്‍സിലിന് വരുമാനം കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കും. സ്‌കൂള്‍-കോളജ് തലത്തില്‍ വളര്‍ന്നുവരുന്ന കായിക താരങ്ങള്‍ക്ക് വിദഗ്‌ധ പരിശീലനം നല്‍കും.
പരിശീലനത്തിന് പണം ഒരു പ്രശ്‌നമാകില്ല. പഠനത്തില്‍ മോശമായതുകൊണ്ടാണ് താന്‍ ഫുട്‌ബോള്‍ കളിയിലേക്ക് തിരിഞ്ഞത്. എന്നാല്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ് എന്ന നിലയില്‍ കൗണ്‍സിലിന്‍റെ പ്രശ്‌നങ്ങള്‍ വിശദമായി പഠിക്കേണ്ടതുണ്ട്. പഠിച്ച് ഒരു വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കും.
കൗണ്‍സില്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ അതിന്‍റെ വിതരണം കൂടുതല്‍ ശാസ്ത്രീയമാക്കും. ഇക്കാര്യം പരിഗണനയിലാണെന്നും കേസരി സ്‌മാരക ജേര്‍ണലിസം ട്രസ്റ്റും പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ല കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ ഷറഫലി പറഞ്ഞു.
കേരളത്തില്‍ ഫുട്‌ബോള്‍ കൂടുതല്‍ ജനകീയമാകുന്നതിന് ഐഎസ്എല്‍ മത്സരങ്ങള്‍ സഹായകമായിട്ടുണ്ടെന്നും ഷറഫലി പറഞ്ഞു. പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ല പ്രസിഡന്‍റ് സാനു ജോര്‍ജ് തോമസ് അധ്യക്ഷനായിരുന്നു. ജില്ല സെക്രട്ടറി അനുപമ ജി നായര്‍, ട്രഷറര്‍ ജി.പ്രമോദ് എന്നിവരും മീറ്റ് ദ പ്രസില്‍ സംബന്ധിച്ചു.