തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്‍റെ സസ്‌പെന്‍ഷന്‍ നീട്ടി. ഇത് മൂന്നാം തവണയാണ് സസ്‌പെന്‍ഷന്‍ നീട്ടുന്നത്. സസ്‌പെന്‍ഷന്‍ കാലാവധി നീട്ടിയകാര്യം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു. ക്രിമിനല്‍ കേസില്‍ പ്രതിയായതാണ് സസ്‌പെന്‍ഷന്‍ നീട്ടാന്‍ കാരണമായി സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
സര്‍വീസ് ചട്ടലംഘനത്തിന്‍റെ പേരിലായിരുന്നു ആദ്യ സസ്‌പെന്‍ഷന്‍. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള അടുപ്പവും സ്വപ്‌ന സുരേഷിനെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്‌പെയ്‌സ് പാര്‍ക്കില്‍ നിയമിച്ചതുമാണ് സര്‍വീസ് ചട്ട ലംഘനമായി സര്‍ക്കാര്‍ കണ്ടെത്തിയത്. ചീഫ് സെക്രട്ടറി, ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരടങ്ങിയ സമിതി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ച് 2020 ജൂലൈ 16നാണ് ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത്. എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റും കസ്റ്റംസും റജിസ്റ്റര്‍ ചെയ്‌ത സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയാണ് ശിവശങ്കര്‍.