തിരുവനന്തപുരം :മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ട് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. എല്ലാവരും ജയിക്കുന്ന മത്സരങ്ങളില്ലെന്ന് പറഞ്ഞുകൊണ്ടാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്‌ജിത്ത് ആമുഖ പ്രസംഗം നടത്തിയത്.
നിരവധി ഭിന്ന സ്വഭാവികളായ സിനിമകൾ മലയാളത്തിൽ ഉണ്ടാകുന്നുവെന്നും അവാർഡ് നിർണയ കമ്മിറ്റിയുടെ ചെയർമാനായി വന്നതിൽ അഭിമാനമുണ്ടെന്നും ജൂറി ചെയർമാൻ ഗൗതം ഘോഷ് പറഞ്ഞിരുന്നതായും രഞ്ജിത് പറഞ്ഞു. മികച്ച ചിത്രമായി തെരഞ്ഞെടുത്ത നൻ പകൽ നേരത്ത് മയക്കം ബഹുതല വ്യാഖ്യാന സാധ്യതകൾ തുറന്നിടുന്ന ചിത്രമെന്നും ജൂറി വിലയിരുത്തി.
മമ്മൂട്ടിയെ തെരഞ്ഞെടുത്തത് ആറ് പേരിൽ നിന്ന് : അതേസമയം ആറ് പേരിൽ നിന്നാണ് മമ്മൂട്ടിയെ മികച്ച നടനായി തെരഞ്ഞെടുത്തതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മമ്മൂട്ടി സ്വാഭാവിക അഭിനയമാണ് കാഴ്‌ചവച്ചത്. മലയാളി അഭിനേതാക്കൾ പരിധികൾക്കപ്പുറമുള്ള അഭിനയ മികവ് കാഴ്‌ചവയ്ക്കുന്നുവെന്നും അവാർഡിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനം അറിയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
154 ചിത്രങ്ങളാണ് ജൂറിക്ക് മുൻപാകെ സമർപ്പിച്ചത്. ഇതിൽ എട്ടെണ്ണം കുട്ടികളുടെ ചിത്രങ്ങളാണ്. 33 ദിവസത്തെ സ്‌ക്രീനിങ്ങിലൂടെയാണ് അവാർഡുകൾ തീരുമാനിച്ചത്. ദിവസേന നാല് സിനിമകളാണ് ജൂറിക്കായി സ്‌ക്രീന്‍ ചെയ്‌തത്. തിരിച്ച് വിളിക്കപ്പെട്ടതുൾപ്പെടെ 49 സിനിമകൾ അവസാന ഘട്ട വിധി നിർണയത്തിനെത്തി. ഇതിൽ 19 നവ സംവിധായകർ ഒരുക്കിയ ചിത്രങ്ങളും ഉൾപ്പെടുന്നു.
രണ്ട് ഘട്ടങ്ങളിലായാണ് ചിത്രങ്ങളെ അവാര്‍ഡിനായി പരിഗണിച്ചത്. പ്രാഥമിക വിധി നിര്‍ണയ സമിതിയുടെ രണ്ട് സബ് കമ്മിറ്റികള്‍ 77 സിനിമകള്‍ വീതം ആദ്യം കണ്ടിരുന്നു. ഇതില്‍ നിന്നും തെരഞ്ഞെടുത്ത സിനിമകള്‍ അന്തിമ വിധി നിര്‍ണയ സമിതിക്ക് കൈമാറുകയായിരുന്നു. പ്രാഥമിക വിധി നിര്‍ണയ സമിതിയുടെ വിലയിരുത്തലിന് ശേഷം 42 സിനിമകളാണ് രണ്ടാം ഘട്ടത്തിലേക്ക് പരിഗണിച്ചത്.
ബംഗാളി സംവിധായകനും നടനും ഛായാഗ്രഹകനുമായ ഗൗതം ഘോഷ് ചെയര്‍മാനായ അന്തിമ വിധി നിര്‍ണയ സമിതിയില്‍ സംവിധായകന്‍ നേമം പുഷ്‌പരാജ്, സംവിധായകന്‍ കെ എം മധുസൂദനന്‍, ഛായാഗ്രഹകന്‍ ഹരിനായര്‍, സൗണ്ട് ഡിസൈനര്‍ ഡി യുവരാജ്, നടി ഗൗതമി, ഗായിക ജെന്‍സി ഗ്രഗറി എന്നിവരാണ് അംഗങ്ങള്‍. രചന വിഭാഗത്തില്‍ നിരൂപകനായ കെ സി നാരായണന്‍ ചെയര്‍മാനായ മൂന്നംഗ ജൂറിയാണ് അന്തിമ വിധി നിര്‍ണയം നടത്തിയത്.
ഉമ്മൻ ചാണ്ടിയുടെ മരണത്തെ അപഹസിച്ചു കൊണ്ടുള്ള നടൻ വിനായകന്‍റെ ഫേസ്ബുക്ക് പോസ്റ്റും ചടങ്ങിൽ ചർച്ചാവിഷയമായി. ഒരാൾ മരണപ്പെടുമ്പോൾ വരുന്ന നഷ്‌ടം വലുതാണ്. അവർക്ക് നല്ല യാത്രയയപ്പ് നൽകിയാണ് ലോകത്ത് നിന്ന് പറഞ്ഞു വിടേണ്ടത്. സർക്കാർ വലിയ തലത്തിലാണ് യാത്രയയപ്പ് നൽകിയത്. ആ ബഹുമാനം നമ്മൾ പരസ്‌പരം നൽകണമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
പുരസ്‌കാരങ്ങൾ
- മികച്ച ചിത്രം- നൻ പകൽ നേരത്ത് മയക്കം (ലിജോ ജോസ് പെല്ലിശ്ശേരി)
- നടൻ - മമ്മൂട്ടി (നൻ പകൽ നേരത്ത് മയക്കം)
- നടി - വിൻസി അലോഷ്യസ് (രേഖ)
- നടന്‍ (സ്പെഷ്യൽ ജൂറി) - കുഞ്ചാക്കോ ബോബൻ, അലൻസിയർ (ന്നാ താൻ കേസ് കൊട്, അപ്പൻ)
- സ്വഭാവ നടി - ദേവി വർമ (സൗദി വെള്ളക്ക)
- സ്വഭാവനടന്‍ - പി പി കുഞ്ഞിക്കൃഷ്‌ണൻ (ന്നാ താൻ കേസ് കൊട്
- സംവിധാനം (പ്രത്യേക ജൂറി) - വിശ്വജിത്ത് എസ് (ഇരവരമ്പ്), രാരിഷ് (വേട്ടപ്പട്ടികളും ഓട്ടക്കാരും)
- സംവിധായകൻ - മഹേഷ് നാരായണൻ (അറിയിപ്പ്)
- രണ്ടാമത്തെ ചിത്രം - അടിത്തട്ട്
- തിരക്കഥാകൃത്ത് (അഡാപ്‌റ്റേഷന്‍) - രാജേഷ് കുമാർ (തെക്കൻ തല്ലുകേസ്)
- തിരക്കഥാകൃത്ത് - രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ (ന്നാ താൻ കേസ് കൊട്)
- ക്യാമറ - മനേഷ് മാധവൻ, ചന്ദ്രു സെൽവരാജ് (ഇലവീഴാ പൂഞ്ചിറ, വഴക്ക്)
- കഥ - കമൽ കെ എം (പട)
- സ്ത്രീ-ട്രാന്‍സ്‌ജെന്‍ഡര്‍ പുരസ്‌കാരം - ശ്രുതി ശരണ്യം (ബി 32 മുതൽ 44 വരെ)
- കുട്ടികളുടെ ചിത്രം - പല്ലൊട്ടി 90സ് കിഡ്
- ബാലതാരം (പെൺ) - തന്മയ (വഴക്ക്)
- ബാലതാരം (ആൺ) - മാസ്റ്റർ ഡാവിഞ്ചി (പല്ലൊട്ടി 90സ് കിഡ്)
- നവാഗത സംവിധായകന്‍ - ഷാഹി കബീർ (ഇലവീഴാ പൂഞ്ചിറ)
- ജനപ്രിയ ചിത്രം - ന്നാ താൻ കേസ് കൊട്
- നൃത്ത സംവിധാനം - ഷോബി പോൾരാജ് (തല്ലുമാല)
- വസ്ത്രാലങ്കാരം - മഞ്ജുഷ രാധാകൃഷ്‌ണൻ (സൗദി വെള്ളക്ക)
- മേക്കപ്പ് ആര്‍ട്ടിസ്റ്റ് - റോണക്‌സ് സേവ്യർ (ഭീഷ്‌മപർവം)