തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ ഹോം എന്ന സിനിമയെ അവഗണിച്ചതായി വിമര്‍ശനം. മികച്ച നടന്‍, ജനപ്രിയ ചിത്രം എന്നീ വിഭാഗങ്ങളില്‍ ഇന്ദ്രന്‍സിനെയും ഹോമിനെയും ജൂറി പരിഗണിച്ചില്ലെന്ന പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നുവരുന്നത്.
മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം 'ഹൃദയം' എന്ന സിനിമയ്‌ക്ക് നല്‍കിയപ്പോള്‍ എന്തുകൊണ്ട് 'ഹോം' അവഗണിക്കപ്പെട്ടു എന്നാണ് ആളുകള്‍ ഉന്നയിക്കുന്ന പ്രധാന ചോദ്യം. ഈ ചോദ്യത്തിന് പിന്നിലെ സാങ്കേതിക കാരണങ്ങളും ചര്‍ച്ചയാകുന്നുണ്ട്. 2022ലാണ് ഹൃദയം തിയേറ്ററുകളില്‍ റിലീസ് ചെയ്‌തത്.
2021ല്‍ സിനിമ സെന്‍സര്‍ ചെയ്‌തു. അതുകൊണ്ട് തന്നെ സ്വാഭാവികമായും അവാര്‍ഡിന് ഹൃദയം എത്തുന്നതില്‍ തെറ്റുപറയാനാകില്ല. എന്നാല്‍ 2021ലെ ചിത്രങ്ങള്‍ പുരസ്‌കാരങ്ങള്‍ക്ക് പരിഗണിക്കപ്പെടുമ്പോള്‍ ഈ വര്‍ഷം ജനങ്ങള്‍ കണ്ട സിനിമയ്‌ക്ക് എങ്ങനെ ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് നല്‍കാനാകുമെന്നാണ് സോഷ്യല്‍ മീഡിയ ഉന്നയിക്കുന്ന ചോദ്യം.
മികച്ച നടനുള്ള പുരസ്‌കാരം ബിജു മേനോനും ജോജു ജോര്‍ജിനുമാണ്. ഈ വിഭാഗത്തിലേക്ക് ഹോമിലെ പ്രകടനത്തിന് ഇന്ദ്രന്‍സിന്‍റെ പേര് ജൂറി പരിഗണനയ്ക്ക് പോലും എടുത്തില്ലെന്ന ആക്ഷേപവും ഉണ്ട്. വിജയ് ബാബുവാണ് സിനിമയുടെ നിര്‍മാതാവ്. ലൈംഗികാതിക്രമ കേസില്‍ വിജയ് ബാബു പ്രതിയായതിനാലാണോ സിനിമയെ പൂര്‍ണമായും ഒഴിവാക്കിയതെന്ന ചോദ്യമാണ് ഒരു വിഭാഗം പ്രേക്ഷകര്‍ പങ്കുവയ്ക്കുന്നത്.
നിരവധി പേരാണ് ഇന്ദ്രന്‍സിന്‍റെ ഫേസ്ബുക്ക് പേജില്‍ നടന് പിന്തുണയുമായി എത്തുന്നത്. 'ജനങ്ങളുടെ ബെസ്‌റ്റ് ആക്‌ടറാണ് നിങ്ങള്‍' എന്ന കമന്‍റുകളാണ് കൂടുതലും. അതേസമയം അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമിക്ക് പങ്കില്ലെന്നും ജൂറിയാണ് ചിത്രങ്ങള്‍ തെരഞ്ഞെടുത്തതെന്നുമാണ് അധികൃതരുടെ വിശദീകരണം.
അവാര്‍ഡ് ജൂറി ഹോം സിനിമയെ തഴഞ്ഞതില്‍ പ്രതികരണവുമായി ഇന്ദ്രന്‍സ് രംഗത്തെത്തിയിരുന്നു. സിനിമ ജൂറി കണ്ട് കാണില്ല എന്നത് ഉറപ്പാണെന്ന് നടന്‍ മാധ്യമങ്ങളോട് പറഞ്ഞു. അവാര്‍ഡ് ലഭിക്കാത്തതില്‍ തനിക്ക് വിഷമമൊന്നുമില്ലെന്നും കിട്ടിയവരൊക്കെ തനിക്ക് വേണ്ടപ്പെട്ടവരാണെന്നും നടന്‍ പറഞ്ഞു.
'അവരുടെയൊക്കെ വലിയ ആരാധകനാണ് ഞാന്‍. അതില്‍ വലിയ സന്തോഷം. എനിക്ക് കിട്ടിയത് പോലെയാണ് അത്. എന്നാല്‍ ഹോമിന് എന്തെങ്കിലും ഒരു അംഗീകാരം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. അത് നാട്ടുകാര്‍ മൊത്തം പറഞ്ഞു കൊതിപ്പിച്ചതാ. അങ്ങനെ പ്രതീക്ഷിച്ചിരുന്നു. അതില്‍ ചെറിയൊരു വിഷമം.
കാണരുതെന്ന് ആഗ്രഹമുളള ആരെങ്കിലും അതില്‍ ഉണ്ടായിരിക്കും. കണ്ട് കാണില്ല എന്നത് ഉറപ്പാണ്. കണ്ടവരൊക്കെ ആണ് ഞങ്ങളോട് വിഷമം പറയുന്നത്. ആ വിഷമം ജൂറി മെമ്പര്‍മാര്‍ക്ക് ഇല്ലെങ്കില്‍ അത് കണ്ട് കാണില്ല എന്നാണ് അര്‍ഥം. ഹൃദയം നല്ല സിനിമയാണ്. അതോടൊപ്പം ഹോമും ചേര്‍ത്തുവയ്ക്കാമായിരുന്നു.
കിട്ടിയവരൊക്ക വളരെ അര്‍ഹിച്ചവരാണ്. എന്‍റെ ഹോം തുലച്ചതില്‍ കുടുംബം തകര്‍ത്തുകളഞ്ഞതിലുളള വിഷമമുണ്ട് - ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.