മന്ത്രി ആര്‍.ബിന്ദു ഒന്നാം റാങ്ക് നേടിയ സഞ്ജയ് പി.മല്ലാറിനെ വിളിക്കുന്നു തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനീയറിങ് കോഴ്‌സുകളിലേക്കുള്ള റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തി. കണ്ണൂർ സ്വദേശി സഞ്ജയ് പി.മല്ലാർ (583.6/600) ഒന്നാം റാങ്കും, കോട്ടയം സ്വദേശി ആഷിക് സ്‌റ്റെന്നി (585.7/600) രണ്ടാം റാങ്കും, കൊല്ലം സ്വദേശി ഫ്രഡ്ഡി (572.7/600) മൂന്നാം റാങ്കും കരസ്ഥമാക്കി.
എസ്‌സി വിഭാഗത്തില്‍ പത്തനംതിട്ട സ്വദേശി ചേതന എസ്‌ജെയ്‌ക്കാണ് ഒന്നാം റാങ്ക്. കോഴിക്കോട് സ്വദേശി സൂര്യദേവ് വിനോദ് രണ്ടാം റാങ്ക് നേടി. എസ്‌ടി വിഭാഗത്തില്‍ എറണാകുളം സ്വദേശി ഏദൻ വിനു ജോൺ ഒന്നാം റാങ്കും പാലക്കാട് സ്വദേശി അനഘ എസ് രണ്ടാം റാങ്കും നേടി.
ആദ്യ നാല് റാങ്കുകാര്‍ ഇവര്‍ ആകെ 49,671 പേരാണ് റാങ്ക് പട്ടികയില്‍ ഇടംനേടിയത്. ഇതില്‍ 24,325 പേര്‍ പെണ്‍കുട്ടികളും 25,346 പേര്‍ ആണ്‍കുട്ടികളുമാണ്. ആദ്യ അയ്യായിരം റാങ്കില്‍ സംസ്ഥാന സിലബസില്‍ നിന്ന് 2043 പേരും കേന്ദ്ര സിലബസില്‍ നിന്ന് 2790 പേരും യോഗ്യത നേടി. എച്ച്‌എസ്‌ഇ- കേരള 2043, എഐഎസ്‌എസ്‌സിഇ (സിബിഎസ്‌സി) 2790, ഐഎസ്‌സിഇ (സിഐഎസ്‌സിഇ) 133, മറ്റുള്ളവ 34 എന്നിങ്ങനെയാണ് ആദ്യ അയ്യായിരം റാങ്കുകള്‍. ആദ്യ ആയിരം റാങ്കില്‍ ഏറ്റവും കൂടുതല്‍ യോഗ്യത നേടിയിരിക്കുന്നത് എറണാകുളം ജില്ലയും രണ്ടാം സ്ഥാനത്ത് തിരുവനന്തപുരവുമാണ്.
Also read: മദ്യപിച്ച് ഡ്രൈവിങ് സീറ്റിലിരുന്നാൽ തനിയെ വീലും എഞ്ചിനും നിലയ്ക്കും; വ്യത്യസ്‌ത സംവിധാനമൊരുക്കി എംജിഎം പോളിടെക്‌നിക്ക് വിദ്യാര്‍ഥികള്‍
ഇക്കഴിഞ്ഞ മെയ് 17 നായിരുന്നു കീം പരീക്ഷ നടന്നത്. 1,23,624 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. തിരുവനന്തപുരം ജില്ലയിലാണ് (15706) ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയിരുന്നത്. ഏറ്റവും കുറവ് വയനാട് ജില്ലയിലുമായിരുന്നു (2101). കേരളത്തിലെ 14 ജില്ലകളിലും പരീക്ഷ സെന്‍ററുകളുണ്ടായിരുന്നു. കേരളത്തിന് പുറമേ ഡൽഹി, മുംബൈ, ദുബായ് എന്നീ സ്ഥലങ്ങളിലും സെന്‍ററുകൾ അനുവദിച്ചിട്ടുണ്ടായിരുന്നു. ഇത്തരത്തില്‍ 339 കേന്ദ്രങ്ങളിലാണ് ഇത്തവണ പരീക്ഷ നടന്നത്. മൂല്യനിർണയത്തിന് ശേഷം പ്രവേശന പരീക്ഷയുടെ സ്‍കോർ 2023 മെയ് 31ന് പ്രസിദ്ധീകരിച്ചിരുന്നു. യോഗ്യത പരീക്ഷയുടെ മാർക്കുകൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ലിസ്‌റ്റാണ് പ്രസിദ്ധപ്പെടുത്തുക.
വിജയികളെ ഫോണില്‍ വിളിച്ച് മന്ത്രി:ജൂലൈ ആദ്യ ആഴ്‌ച തന്നെ ആദ്യ അലോട്ട്മെന്‍റ് നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു അറിയിച്ചു. പ്രൈവറ്റ് സെൽഫ് ഫിനാൻസിങ് കോളജുകളുമായി വിശദമായ ചർച്ചകൾ നടത്തിയെന്നും അവരുമായി എഗ്രിമെൻ്റായെന്നും മന്ത്രി പറഞ്ഞു. റിസൾട്ട് പ്രഖ്യാപനത്തിനു ശേഷം റാങ്ക് ജേതാക്കളെ ഉന്നത വിദ്യാഭ്യാസ മന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും ചെയ്‌തു. ഇതിനിടയിൽ ഒന്നാം റാങ്ക് ജേതാവായ സഞ്ജയ് പി.മല്ലാർ എഞ്ചിനീയറിങിൽ ഗവേഷണം നടത്താനാണ് തന്‍റെ താത്‌പര്യമെന്നും മന്ത്രിയെ അറിയിച്ചു. ആദ്യ ഒമ്പതു റാങ്കും ആൺകുട്ടികൾ നേടിയപ്പോൾ കാസർകോട് സ്വദേശി ആര്യ രജനി കൃഷ്‌ണ പത്താം റാങ്ക് നേടി ആദ്യ പത്തിൽ പെൺകരുത്ത് കാട്ടി. മാത്രമല്ല 11 ജില്ലകളിലും ആൺകുട്ടികളാണ് റാങ്ക് ലിസ്‌റ്റിൽ മുന്നിലുള്ളത്.
Also read: കാറിന് തീപിടിച്ചാൽ ഡോറുകൾ തനിയെ തുറക്കും; ഓട്ടോമാറ്റിക് അൺലോക്ക് സംവിധാനവുമായി വിദ്യാർഥികൾ