തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ ചൂടിന്‍റെ കാഠിന്യം അതിവേഗം ഉയരുന്നു. സംസ്ഥാനത്തിന്‍റെ പരമാവധി താപനില 35 ഡിഗ്രി സെല്‍ഷ്യസിലേയ്‌ക്ക് ഉയരുകയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഇന്ന് സംസ്ഥാനത്ത് 35.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയ കോഴിക്കോടും കൊച്ചി വിമാനത്താവളവുമാണ് താപനിലയില്‍ മുന്നില്‍.
വെള്ളാനിക്കര(35.6), പുനലൂര്‍(35.0), തിരുവനന്തപുരം(34.6), കോട്ടയം(34.5) തുടങ്ങിയ സ്ഥലങ്ങളില്‍ താപനില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി പുറത്തിറക്കിയ ജാഗ്രത നിര്‍ദേശം ഇങ്ങനെ,
* പൊതു ജനങ്ങള്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ നേരിട്ട് കൂടുതല്‍ സമയം സൂര്യപ്രകാശം ശരീരത്തില്‍ ഏല്‍ക്കുന്നത് ഒഴിവാക്കുക
* നിര്‍ജ്ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കരുതുക
* പരമാവധി ശുദ്ധ ജലം കുടിക്കുക, ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക
* നിര്‍ജ്ജലീകരണം ഉണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്‌ട് ഡ്രിങ്ക്‌സ് തുടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക
* അയഞ്ഞ ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക
* പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക, കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമാണ്.
* വേനല്‍ ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാന്‍ സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്നു താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേക ജാഗ്രത പാലിക്കണം. കാട്ടു തീ ഉണ്ടാകാതിരിക്കാന്‍ വനം വകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കണം
* വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ലാസ് മുറികളില്‍ വായുസഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷ കാലമായതിനാല്‍ പരീക്ഷ ഹാളുകളിലും ജല ലഭ്യത ഉറപ്പാക്കണം