കേരളം

kerala

ETV Bharat / state

കിട്ടിയതിനേക്കാൾ കൊടുത്ത് കേരളം; ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് രാജ്യം - കേരളം വാക്സിനേഷൻ അധികഡോസുകൾ വാർത്ത

ആസൂത്രണ നടപടികളിലൂടെ ഒരോ തുള്ളി വാക്സിനും സൂക്ഷിച്ച് ഉപയോഗിച്ച് കേന്ദ്രത്തിൽ നിന്നും ലഭിച്ച വാക്സിനേക്കാൾ അധിക കുത്തിവയ്പ്പുകൾ എടുക്കാൻ കേരളത്തിന് സാധിച്ചു. ആരോഗ്യപ്രവർത്തകരുടെ മികവുറ്റ പ്രകടനത്തിന് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും.

ആരോഗ്യപ്രവർത്തകർക്ക് അഭിനന്ദങ്ങൾ വാക്സിനേഷൻ വാർത്ത  vaccine doses saving kerala news malayalam  health workers covid vaccine saving news latest  pinarayi vijayan and narendra modi health workers kerala news  kerala corona vaccination news latest  വാക്സിൻ പാഴാകാതെ മലയാളം വാർത്ത  കേരളം വാക്സിനേഷൻ അധികഡോസുകൾ വാർത്ത  പിണറായി മോദി അഭിനന്ദനം കേരള ആരോഗ്യപ്രവർത്തകർ വാർത്ത
കേരളത്തിന്‍റെ വാക്സിനേഷൻ

By

Published : May 11, 2021, 2:11 PM IST

തിരുവനന്തപുരം: കൊവിഡ് ഒരു മഹാമാരി ആയി ആഞ്ഞടിച്ച ആദ്യതരംഗത്തിൽ നിന്നും വ്യത്യസ്തമാണ് സ്ഥിതിവിശേഷങ്ങൾ. രണ്ടാം തരംഗത്തിൽ കൂടുതൽ മാരകമായ വൈറസാണ് ജീവൻ അപഹരിക്കുന്നതെങ്കിലും ആശ്വാസത്തിന് വകയുള്ളത് പ്രതിരോധ വാക്സിൻ വിതരണത്തിലാണ്. കൊവിഷീൽഡ്, കൊവാക്സിൻ, റഷ്യയുടെ സ്പുട്നിക് വി എന്നീ കൊവിഡ് വാക്സിനുകളാണ് രാജ്യത്തെ വാക്സിനേഷനുകളിൽ ഉപയോഗിക്കുന്നത്. 18 മുതൽ 45 വയസുവരെയുള്ളവർക്കുള്ള വാക്സിനേഷൻ നടപടികളിലേക്ക് രാജ്യം കടക്കുമ്പോഴും പല ഭാഗത്തും വാക്സിൻ ക്ഷാമം നേരിടുന്നുവെന്നതും കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകുന്നു.

മെയ് ഒന്നാം തിയതിയിലെ കണക്കുകൾ പ്രകാരം കേരളമാകട്ടെ കേന്ദ്രസർക്കാരിൽ നിന്ന് ലഭിച്ച 73,38,806 ഡോസുകളിൽ നിന്ന് ഇതുവരെ ഉപയോഗിച്ചത് 74,26,164 ഡോസുകളുമാണ്. ലഭിച്ചതിൽ നിന്നും വിനിയോഗിച്ച വാക്സിനുകളുടെ എണ്ണത്തിലുള്ള വർധനവിൽ കേരളം മാജിക്കുകകളൊന്നും പ്രയോഗിച്ചിട്ടില്ല, പകരം വളരെ ശ്രദ്ധയോടും കരുതലോടും സൂക്ഷിച്ച് കുത്തിവയ്പ്പുകൾ എടുത്ത ആരോഗ്യപ്രവർത്തകരും അതിന് നേതൃത്വം നൽകിയ സർക്കാരുമാണ് അതിപ്രധാനമായ ഈ നേട്ടത്തിന് പിന്നിൽ.

വാക്സിൻ സംഭരണത്തിലും വിതരണത്തിലും വിനിയോഗത്തിലും സംസ്ഥാനം പാഴാക്കിയ വാക്സിന്‍റെ അളവ് അക്കത്തിലെഴുതിയാൽ അത് വിലയില്ലാത്ത പൂജ്യമാണ്. എന്നാൽ, ആ പൂജ്യത്തിന് ഇത്രയേറെ വിലയുണ്ടെന്നത് വ്യക്തമാക്കുന്നുണ്ട് ഇനിയും നമ്മുടെ പക്കൽ 31,5580 ഡോസ് വാക്സിൻ കൂടെ ബാക്കിയുണ്ടെന്ന മുഖ്യമന്ത്രിയുടെ വിവരണം.

കേരളം എങ്ങനെ അധിക വാക്സിൻ കണ്ടെത്തി

അഞ്ച് മില്ലി ലിറ്ററിന്‍റെ ഒരു വാക്‌സിന്‍ ബോട്ടിലില്‍ (വയലിൽ) ഉള്ളത് പത്ത് പേര്‍ക്കുള്ള വാക്‌സിനാണ്. എന്നാൽ, പരിചയസമ്പത്തുള്ള ഒരു നഴ്സിന് 11 മുതൽ 13 ഡോസുകൾ വരെ ഇതിൽ നിന്നും എടുക്കാം. 1.1 ശതമാനം വാക്സിനാണ് പൊതുവെ പാഴാക്കപ്പെടുന്നത്. ഇങ്ങനെ വന്നാൽ പത്ത് ഡോസുകളിൽ നിന്ന് ഒന്ന് കുറഞ്ഞ് എട്ട് പേർക്കോ ഒമ്പത് പേർക്കോ വാക്സിനെടുക്കാം. വാക്സിനേഷന് മുമ്പ് തന്നെ ആരോഗ്യവിദഗ്ധർക്ക് നൽകിയ പരിശീലനം കേരളം ശരിയായി വിനിയോഗിച്ചുവെന്നതിന്‍റെ ഫലമാണ് വാക്സിൻ ഡോസ് പാഴാകുന്നില്ല എന്ന കണക്കുകളിലേക്ക് കേരളത്തെ എത്തിച്ചത്.

ഒരു സമയത്ത് തന്നെ പത്തുപേരും എത്തിയാലാണ് ബോട്ടിലിലെ വാക്സിൻ പൂർണമായും ഉപയോഗിക്കാനാവുന്നത് എന്ന് മറ്റൊരു പ്രത്യേകതയുമുണ്ട്. പൊട്ടിച്ച വാക്സിൻ നാല് മണിക്കൂറിനുള്ളിൽ ഉപയോഗിക്കണം. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെ ഗ്രാമപ്രദേശങ്ങളിലും വാക്സിനേഷൻ സെന്‍ററിൽ പത്ത് പേർ എത്താതെ വാക്സിനേഷൻ ആരംഭിക്കാറുണ്ട്. എന്നാൽ, പത്ത് പേർ എത്തിയിട്ട് മാത്രമാണ് വാക്സിൻ ബോട്ടിൽ പൊട്ടിക്കൂ എന്ന് കേരളം തീരുമാനിച്ചു. ആസൂത്രിതമായ ഈ നടപടി മികച്ച രീതിയിൽ വാക്സിൻ ഉപയോഗിക്കുന്നതിന് സംസ്ഥാനത്തിന് സഹായകരമായി.

വാക്സിനേഷന് രജിസ്റ്റർ ചെയ്തവരുടെ ലിസ്റ്റ് ഉണ്ടാക്കി അവരെ നേരിട്ട് ഫോൺ ചെയ്തും സ്പോട്ട് രജിസ്ട്രേഷനിലൂടെയും വാക്സിനേഷന് എത്തുന്നവരുടെ എണ്ണത്തിൽ ആരോഗ്യവകുപ്പ് ഉറപ്പ് വരുത്തുകയും ചെയ്തിട്ടുണ്ട്.

നേട്ടത്തിൽ ആരോഗ്യ പ്രവർത്തകരെ പ്രശംസിച്ച് മുഖ്യമന്ത്രി

പ്രതിസന്ധിഘട്ടത്തിൽ നിന്നും വലിയൊരു വിപത്തിലേക്ക് തള്ളിവിടാതെ പ്രതിരോധ പ്രവർത്തനങ്ങൾ എങ്ങനെ നടപ്പാക്കാമെന്ന് കേരളത്തിന്‍റെ വളരെ സൂഷ്മതയോടെയുള്ള പ്രവർത്തനങ്ങൾ കാട്ടിത്തരുന്നു. കേന്ദ്രസർക്കാർ നൽകിയ വാക്സിന്‍റെ അളവും നമ്മൾ ഉപയോഗിച്ച വാക്സിൻ ഡോസുകളും വിശദമാക്കിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ ട്വീറ്റിൽ ഇങ്ങനെ പറയുന്നു... "അതീവ ശ്രദ്ധയോടെ വാക്സിൻ വിതരണം ചെയ്യാൻ സാധിച്ചത് ആരോഗ്യപ്രവർത്തകരുടെ, പ്രത്യേകിച്ച് നഴ്സുമാരുടെ മിടുക്ക് കൊണ്ടാണ്. അവർ ഹൃദയപൂർവമായ അഭിനന്ദനം അർഹിക്കുന്നു."

മുഖ്യമന്ത്രിയുടെ ട്വീറ്റിന് പ്രധാനമന്ത്രിയുടെ റീട്വീറ്റ്

മുഖ്യമന്ത്രിയുടെ ട്വീറ്റിനെ പങ്കുവച്ചുകൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേരളത്തിലെ ആരോഗ്യപ്രവർത്തകരെ പ്രശംസിച്ചു. "വളരെ സൂക്ഷ്മതയോടെ ഒരു തുള്ളി പോലും പാഴാക്കാതെ ഉപയോഗിച്ച ആരോഗ്യപ്രവർത്തകരെയും നഴ്സുമാരെയും അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. "വാക്സിൻ പാഴാക്കാത്തതിൽ നമ്മളുടെ ആരോഗ്യ പ്രവർത്തകരും നഴ്സുമാരും വലിയ മാതൃകയാണെന്നതിൽ സന്തോഷമുണ്ട്. കൊവിഡ്-19ന് എതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന് വാക്സിൻ പാഴാക്കൽ കുറയ്ക്കുന്നത് പ്രധാനമാണ്," എന്നാണ് റീട്വീറ്റിൽ പ്രധാനമന്ത്രി അറിയിച്ചത്.

ഇതുവരെ നഷ്ടമായ വാക്സിൻ ഡോസുകൾ

മെയ് മാസം ആദ്യവാരത്തിലെ കണക്കിൽ ഇന്ത്യയിൽ വിതരണം ചെയ്ത 162.51മില്യൺ ഡോസ് വാക്സിനിൽ 31.54 മില്യൺ ഡോസുകളാണ് വാക്സിനേഷനായി ഉപയോഗിച്ചത്. മഹാരാഷ്‌ട്രയിൽ 16.78 മില്യൺ ഡോസ് കൊവിഡ് വാക്സിൻ വിതരണം ഉണ്ടായെങ്കിലും വെറും 2.87 മില്യൺ ഡോസുകളുടെ വിനിയോഗമാണ് സംസ്ഥാനത്ത് നടന്നത്. രാജസ്ഥാനിൽ 13.6 മില്യൺ വാക്സിനിൽ 2.85 മില്യണും ഗുജറാത്തിൽ 13.23 മില്യൺ വാക്സിൻ ഡോസുകളിൽ 2.74 മില്യൺ ഡോസുകളും ഉപയോഗിച്ചു.

ഏപ്രില്‍ മാസത്തെ ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് 44.78 ലക്ഷം ഡോസ് വാക്സിൻ ആസൂത്രണമില്ലായ്മ കാരണം ഉപയോഗശൂന്യമായി. കേരളത്തിന്‍റെ അയൽസംസ്ഥാനങ്ങളായ തമിഴ്‌നാട്, തെലങ്കാന എന്നിവയും ഹരിയാന, പഞ്ചാബ്, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളും വലിയ തോതിൽ വാക്സിൻ പാഴാക്കുന്നു. തമിഴ്‌നാട്ടിൽ 12.10 ശതമാനം വാക്‌സിന്‍ അശ്രദ്ധയിൽ കൈവിട്ടു. തെലങ്കാനയിൽ 7.55 ശതമാനവും ഹരിയാനയിൽ 7.74 ശതമാനവും പഞ്ചാബിൽ 8.2 ശതമാനവും മണിപ്പൂരിൽ 7.8 ശതമാനവും വാക്സിനുകൾ നഷ്ടമായി. കേരളത്തിന് പിന്നിലായി ആന്ധ്രാപ്രദേശ്, പഞ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, മിസോറാം, ഗോവ എന്നീ സംസ്ഥാനങ്ങളും ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍, ദാമന്‍ ദിയു തുടങ്ങിയ ഇന്ത്യയുടെ ഭാഗങ്ങളും ആസൂത്രണ നടപടികളിലൂടെ ഒരോ തുള്ളി വാക്സിനും വിലയേറിയതെന്ന് കണ്ട് ഫലപ്രദമായി കുത്തിവയ്‌പ്പ് നടത്തി.

ABOUT THE AUTHOR

...view details