കേരളം

kerala

ETV Bharat / state

ആശ്രിത നിയമനത്തിലെ നിയന്ത്രണം: എതിർപ്പ് അറിയിച്ച് ഇടത് അടക്കമുള്ള സർവീസ് സംഘടനകൾ - സംസ്ഥാനത്തെ സർവീസ് സംഘടനകളുടെ നിലപാട്

ആശ്രിത നിയമനത്തില്‍ നിയന്ത്രണം സര്‍ക്കാര്‍ മുന്നോട്ടുവച്ച പ്രധാന നീക്കമായിരുന്നെങ്കിലും ഇത് വേണ്ടെന്നും ഇപ്പോഴുള്ള രീതി തുടരണമെന്നുമാണ് സംസ്ഥാനത്തെ സർവീസ് സംഘടനകളുടെ നിലപാട്

kerala service organizations  compassionate appointment controlling  ആശ്രിത നിയമനത്തിലെ നിയന്ത്രണം  ഇടത് അനുകൂല സർവീസ് സംഘടനകൾ
ആശ്രിത നിയമനത്തിലെ നിയന്ത്രണം

By

Published : Jan 10, 2023, 5:36 PM IST

തിരുവനന്തപുരം: ആശ്രിത നിയമന നിയന്ത്രണത്തിലും നാലാം ശനിയാഴ്‌ച അവധിയാക്കുന്നതിലും എതിർപ്പ് അറിയിച്ച് സർവീസ് സംഘടനകൾ. ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലാണ് ഇടത് അനുകൂല സംഘടനകളടക്കം മുഴുവന്‍ സംഘടനകളും പരിഷ്‌കാരങ്ങളിൽ എതിർപ്പ് അറിയിച്ചത്. ആശ്രിത നിയമനത്തിലെ പരിഷ്‌കരണം സർക്കാർ മുന്നോട്ടുവച്ച സുപ്രധാന നീക്കമായിരുന്നു.

ഒരു വർഷത്തിനുള്ളിൽ നിയമനം അല്ലെങ്കിൽ 10 ലക്ഷം രൂപ ആശ്രിത ധനസഹായം എന്നതായിരുന്നു സർക്കാർ നിർദേശം. എന്നാൽ, ഇത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് സംഘടനകൾ യോഗത്തിൽ അറിയിച്ചു. ആശ്രിത നിയമനത്തിൽ നിലവിൽ തന്നെ കാലതാമസം നിലനിൽക്കുന്നുണ്ട്. അതിനൊപ്പം പുതിയ നിയന്ത്രണം കൂടിയാകുമ്പോൾ നിരവധി പേർക്ക് അവസരം നഷ്‌ടമാകുമെന്നും അതിനാൽ ഇപ്പോഴത്തെ സ്ഥിതി തുടരണം എന്നുമാണ് സംഘടനകൾ ആവശ്യപ്പെട്ടത്.

കാഷ്വല്‍ ലീവ് വെട്ടിക്കുറയ്‌ക്കരുത്: നാലാം ശനിയാഴ്‌ച കൂടി അവധിയാക്കാമെന്ന് സർക്കാർ നിർദേശിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി അഞ്ച് കാഷ്വൻ ലീവുകൾ കുറയ്ക്കും. ദൈനംദിന ജോലിസമയത്തിൽ 15 മിനിറ്റ് വർധിപ്പിക്കുകയും ചെയ്യാം എന്നാണ് സർക്കാർ വ്യക്തമാക്കിയത്. എന്നാൽ, ഇതും സർവീസ് സംഘടനകൾ അംഗീകരിച്ചില്ല. അഞ്ചുദിവസത്തെ കാഷ്വൽ ലീവ് വെട്ടിക്കുറയ്ക്കുന്നത് അനുവദിക്കാനാകില്ലെന്നും ഉപാധികൾ ഇല്ലാതെ നാലാം ശനിയാഴ്‌ച അവധി നൽകണമെന്നുമായിരുന്നു സർവീസ് സംഘടനകൾ ആവശ്യപ്പെട്ടത്.

സർവീസ് സംഘടനകളുടെ ആവശ്യങ്ങൾ രേഖാമൂലം എഴുതി നൽകാൻ ചീഫ് സെക്രട്ടറി യോഗത്തിൽ ആവശ്യപ്പെട്ടു. ലീവ് സറണ്ടർ അനുവദിച്ചതിലെ ഉപാധികളിലും സർവീസ് സംഘടനകൾ എതിർപ്പ് അറിയിച്ചിട്ടുണ്ട്. പുതിയ പരിഷ്‌കരണങ്ങൾ ചർച്ച ചെയ്യുന്നതിന് ഓൺലൈനായാണ് ചീഫ് സെക്രട്ടറി സർവീസ് സംഘടനകളുടെ യോഗം വിളിച്ചത്.

ABOUT THE AUTHOR

...view details