തിരുവനന്തപുരം :സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതിക്കായി ഏറ്റെടുക്കേണ്ടത് 1074.19 ഹെക്ടര്‍ സ്വകാര്യ ഭൂമിയെന്ന് ഡിപിആര്‍. പദ്ധതിക്കായി ആകെ 1222.45 ഹെക്ടര്‍ ഭൂമിയാണ് ആവശ്യമായി വരിക. ഇതില്‍ 107.98 ഹക്ടര്‍ സര്‍ക്കാര്‍ ഭൂമിയും റെയില്‍വേയുടെ കൈവശമുള്ള 44.28 ഹെക്‌ടർ ഭൂമിയും പദ്ധതിക്കായി വിനിയോഗിക്കേണ്ടി വരുമെന്നാണ് നിലവിലെ കണക്ക് കൂട്ടല്‍.
കെ റെയില്‍ കോര്‍പ്പറേഷന് വേണ്ടി സിസ്ട്ര എന്ന സ്വകാര്യ സ്ഥാപനമാണ് ഡിപിആര്‍ തയ്യാറാക്കിയത്. ഒരു വര്‍ഷം മുമ്പ് നല്‍കിയ ഡിപിആറിലാണ് പദ്ധതിക്കായി ആവശ്യമുള്ള സ്ഥലം സംബന്ധിച്ച് വിശദമായി വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ റെയില്‍വേ സംവിധാനം ഇവിടുത്തെ ജനസംഖ്യയുമായി തട്ടിച്ചുനോക്കുമ്പോള്‍ അപര്യാപ്‌തമാണെന്ന് ഡിപിആറില്‍ വ്യക്തമാക്കുന്നുണ്ട്.
പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനുള്ള പ്രധാന കാരണമായി റിപ്പോര്‍ട്ടില്‍ ഉയര്‍ത്തുന്നതും ഇക്കാരണമാണ്. നിര്‍ദിഷ്‌ട സില്‍വര്‍ ലൈന്‍ പാതയുടെ 190 കിലോമീറ്റര്‍ ഗ്രാമങ്ങളിലൂടെയും 88 കിലോമീറ്റര്‍ വയല്‍-തണ്ണീര്‍ത്തടങ്ങളിലൂടെയാകും കടന്നുപോകുക. ചെറിയ നഗരങ്ങളിലൂടെ 50 കിലോമീറ്ററും വലിയ അല്ലെങ്കില്‍ ഇടത്തരം നഗരങ്ങളിലൂടെ 40 കിലോമീറ്ററുമാണ് കടന്നുപോകുന്നത്.