തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂൾ പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം - കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ (01.06.2022) രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കൊവിഡ് ലോകത്തെയാകെ വിറങ്ങലിപ്പിച്ചപ്പോൾ ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ചത് കുട്ടികളാണ്, കുഞ്ഞുങ്ങളുടെ ഭാവി വളർച്ചയെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥ കൊവിഡ് സൃഷ്‌ടിച്ചു, എന്നാൽ ഇപ്പോൾ എല്ലാവർക്കും സന്തോഷിക്കാവുന്ന അവസ്ഥയാണ് - മുഖ്യമന്ത്രി പറഞ്ഞു.
ക്ലാസ്‌മുറികളും സിലബസുകളും ഔപചാരികമായ വിദ്യാഭ്യാസത്തിന്‍റെ ഭാഗമാണ്. അവയിൽ നിന്ന് മാത്രമല്ല കുട്ടികൾക്ക് പഠിക്കാനുള്ളത്. സ്‌കൂൾ അന്തരീക്ഷത്തിൽ നിന്നും കൂട്ടുകൂടലുകളിൽ നിന്നും കുട്ടികൾക്ക് കുറെ കാര്യങ്ങൾ പഠിക്കാനാകും. കുട്ടികളുടെ സുരക്ഷ സർക്കാരിന് പ്രധാനമാണ്.
അതിന് വേണ്ടി വിപുലമായ ക്രമീകരണങ്ങൾ ആണ് ഏർപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കപ്പെടണം. ഇതുകൂടി മുൻകൂട്ടി കണ്ടാണ് തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും അതിന്‍റെ പിന്തുടർച്ചയായ വിദ്യാകിരണം പദ്ധതിയും പൊതുവിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യവികസനത്തിന് വലിയ കുതിച്ചുചാട്ടം ഉണ്ടാക്കി - മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.