കേരളം

kerala

ETV Bharat / state

അധ്യയന വർഷം അവസാനിക്കാറായി, മികച്ച അധ്യാപകർക്കുള്ള അവാർഡും കൊടുത്തിട്ടില്ല

മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ കർശന നടപടികളോട് കൂടിയാണ് ഇത്തവണ അധ്യാപക അവാർഡ് നടപടികൾ.

kerala school teachers award
സംസ്ഥാന അധ്യാപക അവാർഡ് പ്രഖ്യാപനം

By

Published : Mar 30, 2023, 11:06 AM IST

തിരുവനന്തപുരം: അധ്യയന വർഷം അവസാനിക്കാറായിട്ടും മികച്ച അധ്യാപകർക്ക് സംസ്ഥാന സർക്കാർ നൽകുന്ന സംസ്ഥാന അധ്യാപക അവാർഡ് പ്രഖ്യാപനം നടത്താതെ സർക്കാർ. 2022 - 23 അധ്യയന വർഷത്തെ അവാർഡുകളാണ് അനിശ്ചിതത്തിൽ ആയത്. സാധാരണ ദേശീയ അധ്യാപക ദിനമായ സെപ്തംബർ അഞ്ചിന് നൽകുന്ന അവാർഡുകളാണ് വാർഷിക പരീക്ഷകൾ അവസാനിക്കാറായിട്ടും പ്രഖ്യാപിക്കുക പോലും ചെയ്യാത്തത്.

എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ്, വിഎച്ച്എസ്എസ് എന്നി വിഭാഗങ്ങളിൽ നിന്നും 5 അവാർഡുകൾ വീതമാണ് നൽകാറുള്ളത്. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ കർശന നടപടികളോട് കൂടിയാണ് ഇത്തവണ അധ്യാപക അവാർഡ് നടപടികൾ. നേരത്തെ പുരസ്കാരത്തിനായി അധ്യാപകർക്ക് സ്വയം അപേക്ഷിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഈ വർഷം മുതൽ ഏതെങ്കിലും സ്റ്റാഫ് കൗൺസിലോ പ്രധാനാധ്യാപകനോ ശുപാർശ ചെയ്യണം.

പ്രവർത്തനങ്ങൾ ജില്ല-സംസ്ഥാന തലങ്ങളിൽ അവതരിപ്പിക്കുകയും വിലയിരുത്തലും വേണം. ഇതിൽ സംസ്ഥാന തല അവതരണം ഇതുവരെയും നടന്നിട്ടില്ല. മുൻവർഷങ്ങളിൽ സെപ്റ്റംബർ 5 നാണ് അധ്യാപക അവാർഡ് പ്രഖ്യാപിച്ചിരുന്നുവെങ്കിൽ ഇത്തവണ നിബന്ധനകൾ കർശനമാക്കിയതോടെ ലോക അധ്യാപക ദിനമായ ഒക്ടോബർ അഞ്ചിന് പ്രഖ്യാപിക്കും എന്നാണ് പറഞ്ഞിരുന്നത്.

മറ്റു വകുപ്പുകളിലെ മികച്ച ജീവനക്കാർക്കുള്ള അവാർഡ് വിതരണം പൂർത്തിയായിട്ടും പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് അഞ്ച് മാസം പിന്നിട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അപേക്ഷയ്ക്ക് അർഹരായവരുടെ അധ്യാപന മികവ്, പാഠ്യേതര നൈപുണ്യ വികസനം, സംഘാടക മികവുകൾ, സാമൂഹ്യ ഇടപെടൽ എന്നീ നാല് വിഷയങ്ങളിലുള്ള വിലയിരുത്തലുകളെ അടിസ്ഥാനമാക്കിയായിരിക്കും അധ്യാപന അവാർഡ് നൽകുക. അധ്യാപക അവാർഡ് അപേക്ഷകളുടെ മൂല്യനിർണയം പൂർത്തിയായിട്ടില്ല എന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള വിശദീകരണം. എന്നാൽ വൈകും തോറും അർഹതപ്പെട്ട അംഗീകാരമാണ് അധ്യാപകർക്ക് വൈകുന്നത്.

ഫെബ്രുവരിയിൽ നടത്തിയിരുന്ന എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ മധ്യവേനലവധി സമയത്ത് നടത്തി വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കുന്നതിന് പുറമെയാണ് സമയക്രമം പാലിക്കാതെ അധ്യാപകരോടും ഈ അവഗണന. ഇത് സംബന്ധിച്ച് എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ മധ്യവേനലവധി സമയത്ത് നടത്തുമ്പോൾ കുട്ടികൾക്ക് അധിക ക്ലാസ് നടത്തി വിദ്യാർഥികളെ ബുദ്ധിമുട്ടിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു.

ABOUT THE AUTHOR

...view details