തിരുവനന്തപുരം:സംസ്ഥാനത്ത് വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി (Speed Limit) ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. എഐ കാമറകൾ (AI Camera) പ്രവർത്തനസജ്ജമായ സാഹചര്യത്തിൽ റോഡുകളിൽ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിന് അനുസരിച്ച് പുനർ നിശ്ചയിക്കാൻ മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ (ജൂണ്‍ 14) ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. ഇതിന്‍റെ ഭാഗമായി ഇരുചക്ര വാഹനങ്ങളുടെ പരമാവധി വേഗപരിധി 70 കിലോമീറ്ററില്‍ നിന്നും 60 ആയി കുറയ്ക്കുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു (Antony Raju) അറിയിച്ചു.
സംസ്ഥാനത്ത് റോഡ് അപകടങ്ങളിൽപ്പെടുന്ന വാഹനങ്ങളിൽ ഭൂരിഭാഗവും ഇരുചക്ര വാഹനങ്ങളായതിനാലാണ് ഇവയുടെ പരമാവധി വേഗപരിധി കുറയ്‌ക്കുന്നത്. മുച്ചക്ര വാഹനങ്ങളുടെയും സ്‌കൂള്‍ ബസുകളുടെയും വേഗപരിധി നിലവിലുള്ള 50 കിലോമീററ്ററായി തന്നെ തുടരും. ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍, അഡിഷണൽ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പ്രമോജ് ശങ്കര്‍ തുടങ്ങിയവര്‍ ഉന്നതതല യോഗത്തില്‍ പങ്കെടുത്തിരുന്നു.
പുതുക്കിയ വേഗപരിധി ഇങ്ങനെ...
ഒന്‍പത് സീറ്റുവരെയുള്ള വാഹനങ്ങള്‍: ആറ് വരി ദേശീയപാത-110 കിലോമീറ്റര്‍, നാല് വരി ദേശീയ പാത-100 കി.മീ (മുന്‍പ് 90 മണിക്കൂറില്‍ കിലോമീറ്റര്‍ ആയിരുന്നു ഇത്). മറ്റുള്ള ദേശീയപാത, എംസി റോഡ്, സംസ്ഥാനപാത നാലുവരിപാത എന്നിവയില്‍ 90 കിലോമീറ്റര്‍ ആണ് പുതുക്കിയ വേഗപരിധി (നേരത്തെ 85 കിലോ മീറ്റര്‍ ആയിരുന്നിത്). മറ്റുള്ള സംസ്ഥാനപാതകളിലും പ്രധാന ജില്ല റോഡുകളിലും മുന്‍പുണ്ടായിരുന്ന പരമാവധി 80 കിലോമീറ്റർ വേഗതയില്‍ തന്നെ വാഹനങ്ങള്‍ ഓടിക്കാം. മറ്റുള്ള റോഡുകളിലും പഴയ വേഗപരിധിയായ മണിക്കൂറില്‍ 70 കിലോമീറ്റർ തന്നെ തുടരും. നഗര റോഡുകളിലും മുന്‍പത്തേതുപോലെ 50 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാം.