തിരുവനന്തപുരം : സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പാറശാല സ്വദേശിയായ 24 വയസുള്ള ഗര്‍ഭിണിയിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്‌തത്. ജൂണ്‍ 28നാണ് യുവതി പനി, തലവേദന, ചുവന്ന പാടുകള്‍ എന്നീ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സ തേടിയത്.
ആശുപത്രിയില്‍ നടത്തിയ ആദ്യ പരിശോധനയില്‍ തന്നെ സംശയമുണ്ടായതിനെ തുടര്‍ന്നാണ് സിക്ക വൈറസ് ആണോയെന്നറിയാന്‍ എന്‍ഐവി പൂനയിലേക്ക് സാമ്പിളുകള്‍ അയച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുമയച്ച 19 സാമ്പിളുകളില്‍ 13 പേര്‍ക്ക് കൂടി സിക്ക പോസിറ്റീവാണെന്ന സംശയവും ആരോഗ്യ വകുപ്പ് പ്രകടിപ്പിക്കുന്നുണ്ട്.
Also Read:സംസ്ഥാനത്ത് 13,772 പേർക്ക് കൂടി കൊവിഡ്; 142 മരണം
എന്നാല്‍, ഇത് സംബന്ധിച്ച് പൂനയില്‍ നിന്നും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. പനിയും ശരീരത്തിലെ ചുവന്ന പാടുകളുമാണ് സിക്ക വൈറസ് ബാധയുടെ ലക്ഷണങ്ങള്‍.
രോഗികളില്‍ വൈറസ് ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കില്ലെങ്കിലും ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും വൈറസ് ആരോഗ്യത്തെ ബാധിക്കുന്ന തരത്തിലേക്ക് മാറാം.
നിലവില്‍ രോഗം ബാധിച്ച യുവതിയുടെ ആരോഗ്യനില തൃപ്‌തികരമാണ്. ജൂലൈ ഏഴിന് യുവതിയുടെ പ്രസവം സാധാരണ നിലയില്‍ നടന്നു.
യുവതിയുടെ അമ്മയ്ക്കും സമാനമായ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. പ്രധാനമായും ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക്ക. ഇത്തരം കൊതുകുകള്‍ സാധാരണ പകല്‍ സമയത്താണ് കടിക്കുന്നത്.
സിക്ക വൈറസിന്‍റെ ലക്ഷണങ്ങൾ
പനി, ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. സാധാരണയായി രണ്ട് മുതല്‍ ഏഴ് ദിവസം വരെ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കും.