തിരുവനന്തപുരം:സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ (എൻ.ഡി.ആർ.എഫ്) അഞ്ച് സംഘങ്ങളെ വിവിധ ജില്ലകളിൽ വിന്യസിച്ചു. ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ അഞ്ച് ജില്ലകളിലാണ് എൻ.ഡി.ആർ.എഫ് സംഘത്തെ വിന്യസിച്ചിരിക്കുന്നത്.
വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷപ്പെടുത്താനുള്ള ഉപകരണങ്ങൾ, സ്ട്രക്ച്ചറുകള്‍, തിരച്ചില്‍ ഉപകരണങ്ങൾ, വാർത്താവിനിമയ ഉപകരണങ്ങൾ, പി.പി.ഇ കിറ്റുകൾ എന്നിവയടക്കമാണ് സംഘമെത്തിയത്. ആരക്കോണത്തെ കൺട്രോൾ റൂം രാത്രിയിലും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
മേയ് 20 വരെ അതിതീവ്ര മഴ:സംസ്ഥാനത്ത് കനത്ത മഴ നാളെയും (16.05.22) തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഞായറാഴ്‌ച റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കാസര്‍കോട് യെല്ലോ അലർട്ടുമാണ്.
ALSO READ|സംസ്ഥാനത്ത് നാളെയും കനത്ത മഴ തുടരും; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്
മേയ് 20 വരെ അതിതീവ്ര മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ 24 മണിക്കൂറിൽ 204.5 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീ തീരങ്ങൾ, ഉരുൾപൊട്ടൽ - മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്.