തിരുവനന്തപുരം: രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിളിച്ച ക്രിസ്മസ് ആഘോഷത്തിൽ (Rajbhavan Christmas Celebration)നിരവധി പ്രമുഖർ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കും ക്ഷണം ഉണ്ടായിരുന്നെങ്കിലും നവകേരള സദസ് യാത്രയിലായതിനാൽ പങ്കെടുത്തില്ല.
നിയമസഭാ പാസാക്കിയ ബില്ലുകളിൽ ഗവർണർ ഒപ്പിടാതെ അനന്തമായി നീട്ടിക്കൊണ്ടുപോയ നടപടിക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഗവർണർ - സർക്കാർ പോര് നിലനിൽക്കുന്നതിനിടെയാണ് രാജ്ഭവനിലെ ക്രിസ്മസ് വിരുന്നിന് ഗവർണർ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ചത്.
അതേസമയം ആഘോഷത്തിൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു, അഡീഷനല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, അഡീഷനല്‍ ചീഫ് സെക്രട്ടറി ജ്യോതിലാല്‍ എന്നിവർ പങ്കെടുത്തു. ഇവർക്ക് പുറമെ കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, ബിഷപ്പുമാരായ ബസേലിയോസ് കര്‍ദിനാള്‍ ക്ലീമിസ് ബാവ, ജോസഫ് മാര്‍ ബാര്‍ണബസ്, മാര്‍ ജോസഫ് പെരുംതോട്ടം, കുര്യാക്കോസ് മോര്‍ സേവേറിയസ്, മാത്യൂസ് മോര്‍ സില്‍വാനിയോസ്, ഡോ. മോബിന്‍ മാത്യു കുന്നംപിള്ളി, ശാന്തിഗിരി ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം സുഹൈബ് മൗലവി അടക്കമുള്ള പ്രമുഖരും ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തു.
ഗവർണറും ക്ഷണിതാക്കളും ചേർന്ന് ക്രിസ്‌മസ് കേക്ക് മുറിച്ചു.