തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തൃശൂര്‍, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
ശ്രീലങ്കന്‍ തീരം, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ ഇന്ന് മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഗള്‍ഫ് ഓഫ് മാന്നാര്‍, തെക്കന്‍ തമിഴ്‌നാട് തീരം, അതിനോട് ചേര്‍ന്ന കന്യാകുമാരി തീരം എന്നിവിടങ്ങളില്‍ ഇന്നും നാളെയും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഈ വര്‍ഷത്തെ കാലവര്‍ഷം പകുതി പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് ലഭിച്ച മഴയില്‍ 35 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഈ മാസവും മഴ കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. 1301.7 മില്ലീമീറ്ററാണ് ജൂണ്‍ 1 മുതല്‍ ജൂലൈ 31വരെ കേരളത്തില്‍ സാധാരണ ലഭിക്കേണ്ട മഴ. എന്നാല്‍ ഇതുവരെ ലഭിച്ചത് 852 മില്ലീമീറ്റര്‍ മഴ മാത്രം. ഈ അവസ്ഥ തുടരുകയാണെങ്കില്‍ കേരളത്തെ കാത്തിരിക്കാന്‍ പോകുന്നത് വലിയ ജലക്ഷാമം ആയിരിക്കും.
മഴക്കെടുതിയില്‍ മറ്റ് സംസ്ഥാനങ്ങള്‍ : അതേസമയം ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും മഴ ശക്തമായി തന്നെ തുടരുകയാണ്. കേദാര്‍നാഥില്‍ ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ ഉണ്ടായി. കേദാര്‍നാഥ് ധാമിന്‍റെ പ്രധാന ഇടത്താവളമായ ഗൗരികുണ്ടിലാണ് മണ്ണിടിഞ്ഞ് രണ്ട് കടകള്‍ക്ക് മുകളില്‍ പതിച്ചത്. 13 പേര്‍ അവശിഷ്‌ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.