തിരുവനന്തപുരം :മാലിദ്വീപ് മുതല്‍ തെക്കന്‍ മഹാരാഷ്ട്ര തീരം വരെ ന്യൂന മര്‍ദ പാത്തി സ്ഥിതി ചെയ്യുന്നതിനാല്‍ ഇതിന്‍റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. കോഴിക്കോട്ടും എറണാകുളത്തും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
മിന്നല്‍ ഉണ്ടാകും, ജാഗ്രത വേണം :ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടാലുടന്‍ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറേണ്ടതാണ്. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. വീടുകളില്‍ ജനലുകളും വാതിലുകളും അടച്ചിടുകയും അവയ്‌ക്കരികില്‍ നില്‍ക്കാതിരിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഒഴിവാക്കുകയും ചെയ്യുക. ടെലിഫോണ്‍ ഉപയോഗം ഒഴിവാക്കാന്‍ ശ്രമിക്കണം. വൃക്ഷങ്ങള്‍ക്ക് ചുവട്ടില്‍ അഭയം പ്രാപിക്കരുത്. മരച്ചുവട്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാതിരിക്കുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ വാഹനത്തിനുള്ളില്‍ തുടര്‍ന്നാലും കയ്യും കാലും പുറത്തിടരുത്.