തിരുവനന്തപുരം :സംസ്ഥാനത്ത് അടുത്ത രണ്ടുദിവസം ഇടി മിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് ശക്തമായ മഴയ്ക്ക് സാധ്യത.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തിലാണ് മഴ ലഭിക്കുന്നത്.
ചക്രവാതച്ചുഴി അടുത്ത 48 മണിക്കൂറിനുള്ളില്‍ തെക്ക് കിഴക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദമായിമാറി ശക്തിപ്രാപിക്കാനാണ് സാധ്യത. ഇതിന്റെ സ്വാധീനത്താലാണ് കേരളത്തില്‍ മഴ അഞ്ച് ദിവസം തുടരുന്നത്. ഇടിമിന്നല്‍ ജാഗ്രതാനിര്‍ദേശവും ശക്തമായ കാറ്റിനുള്ള മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്താണ് ഇടിമിന്നലിന് സാധ്യത. ഈ സമയത്ത് പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം.
Also Read: വേനൽമഴയിൽ വാഴകൃഷി നാശം; തിരുവനന്തപുരത്ത് കർഷകന്‍റെ 300 വാഴകൾ നിലംപതിച്ചു
വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമീപ്യം ഒഴിവാക്കണം. ഇടിമിന്നല്‍ സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. പട്ടം പറത്തുന്നത് ഒഴിവാക്കണം. കുട്ടികളെ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രാത്രി 10 മണി വരെ തുറസായ സ്ഥലത്തും, ടെറസിലും കളിക്കാന്‍ അനുവദിക്കരുത്.
സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാനിര്‍ദേശത്തില്‍ പറയുന്നു. ഇന്നും നാളെയുമാണ് ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചിരിക്കുന്നത്. മത്സ്യതൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.