തിരുവനന്തപുരം: വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതചുഴി (Cyclone) അടുത്ത 48 മണിക്കൂറിനുള്ളിൽ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിൽ ന്യൂനമർദമായി (Low-pressure area) ശക്തിപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്‍റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരും. സെപ്റ്റംബർ ഏഴ് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി (Heavy Rain Warning).
ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും (Orange Alert) മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടും (Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെയും പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകൾ കൂടാതെ തൃശ്ശൂർ ജില്ലയിലും നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബുധനാഴ്‌ച മഴയുടെ ശക്തി കുറയും. എന്നാൽ വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതചുഴി ന്യൂനമർദമാകുന്നതോടെ വ്യാഴാഴ്‌ച മുതൽ മഴ ശക്തമാകും. സംസ്ഥാന വ്യാപകമായി തന്നെ മഴ ലഭിക്കും. വ്യാഴാഴ്‌ച തിരുവനന്തപുരം, കൊല്ലം, വയനാട് ഒഴികെയുള്ള ജില്ലകളിലും വെള്ളിയാഴ്‌ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചെറിയ മേഘ വിസ്‌ഫോടനങ്ങൾക്കുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നുണ്ട്. അതിനാൽ അതീവ ജാഗ്രത വേണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.