തിരുവനന്തപുരം : സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. മഴ മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
Kerala rain Update | ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത - കേരളത്തിലെ കാലാവസ്ഥ
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലാണ് ന്യൂനമർദം രൂപപ്പെട്ടിട്ടുള്ളത്. ഇതോടെ കേരളത്തിൽ അടുത്ത അഞ്ച് ദിവസം കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്കൻ ഒഡിഷ - വടക്കൻ ആന്ധ്രാപ്രദേശ് തീരപ്രദേശത്തിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുകയാണ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യതയും നിലനിൽക്കുന്നുണ്ട്. നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 22ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 23ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂലൈ 19 മുതൽ 21 വരെ കേരള, ലക്ഷദ്വീപ് തീരങ്ങളിലും ജൂലൈ 19 മുതൽ 23 വരെ കർണാടക തീരത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ന് ഒഡിഷ തീരം, തെക്ക്-കിഴക്ക്, തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ ചേർന്നുള്ള ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് രാത്രി 11.30 വരെ 3 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്.