കേരളം

kerala

ETV Bharat / state

ദുരിതപ്പെയ്‌ത്ത്: ഒരു മരണം, ഇടുക്കിയില്‍ റെഡ് അലർട്ട്, 11 ജില്ലകളില്‍ ഓറഞ്ച് അലർട്ട് - അതിതീവ്ര മഴ

കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാൾ മരിച്ചു. കനത്ത മഴയെ തുടർന്ന് നിരവധി വീടുകളും ആരാധനാലയങ്ങളും തകർന്നിട്ടുണ്ട്. മഴ ശക്തമായ സാഹചര്യത്തില്‍ തീരപ്രദേശത്തും മലയോര മേഖലകളിലും ജാഗ്രത നിർദ്ദേശം

rain alert in kerala
കേരളത്തില്‍ കനത്ത മഴ, ഇടുക്കിയില്‍ റെഡ് അലർട്ട്, 11 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

By

Published : Jul 5, 2023, 4:27 PM IST

കേരളത്തില്‍ ദുരിതപ്പെയ്‌ത്ത്

തിരുവനന്തപുരം: കേരളത്തില്‍ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴ വിവിധയിടങ്ങളില്‍ നാശ നഷ്‌ടം. മഴ ശക്തിയാർജ്ജിച്ചതോടെ ഇടുക്കി ജില്ലയില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 11 ജില്ലകളില്‍ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലർട്ട് തുടരും.

വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാൾ മരിച്ചു. വീടിവ് മുന്നിലെ വെള്ളക്കെട്ടില്‍ വീണ് ആണ് അപകടം. ഫൗസില്‍ ബഷീർ (50) ആണ് മരിച്ചത്. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഉരുൾപൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍, താഴ്‌ന്ന പ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

വൻ നാശനഷ്‌ടം: വിവിധ ജില്ലകളില്‍ കനത്ത മഴയെ തുടർന്ന് നിരവധി വീടുകളും ആരാധനാലയങ്ങളും തകർന്നിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, കാസർകോട് ജില്ലകളുടെ വിവിധ പ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. ഇടുക്കി, തിരുവനന്തപുരം ജില്ലകളിലെ ചെറു ഡാമുകൾ തുറന്നിട്ടുണ്ട്. പെരിയാറിന്‍റെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം നല്‍കി.

also read: നായരമ്പലത്ത് കടലാക്രമണം രൂക്ഷം; നാട്ടുകാരുടെ റോഡ് ഉപരോധം, ചർച്ചയ്ക്ക് വിളിച്ച് കലക്‌ടർ

കണ്ണൂർ, തൃശൂർ ജില്ലകളില്‍ മരം വീണ് വാഹനങ്ങൾ തകരുകയും ഗതാഗത തടസം ഉണ്ടാകുകയും ചെയ്തു. ചാലക്കുടിയില്‍ മിന്നല്‍ ചുഴലിയില്‍ വൻ നാശനഷ്‌ടം ഉണ്ടായി. കോഴിക്കോട് ജില്ലയിലെ മേപ്പയൂരില്‍ കിണർ ഇടിഞ്ഞു താഴ്ന്നത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.

also read: video: മഴയാണ് റോഡിലും ജാഗ്രത വേണം, പിക്‌അപ് വാൻ നിയന്ത്രണം തെറ്റി ബൈക്കിലിടിക്കുന്ന ദൃശ്യം, അപകടം കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിൽ

കനത്ത ജാഗ്രത നിർദേശം: ബീച്ചുകളിലേക്കും മലയോര മേഖലകളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും പ്രവേശനം നിരോധിച്ചിട്ടുണ്ട്. പമ്പ, മണിമലയാറുകൾ കരകവിയാൻ സാധ്യതയുണ്ടെന്നും പ്രദേശ വാസികൾ ജാഗ്രത പാലിക്കണമെന്നും കലക്‌ടർമാർ നിർദേശം നല്‍കി. തൃശൂർ വാടാനപ്പള്ളിയില്‍ മഴ പെയ്‌ത് റോഡ് തകർന്നത് പ്രതിഷേധത്തിനിടയാക്കി. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയെ കനത്ത മഴ ദുരിതത്തിലാക്കി. അങ്കണവാടി മഴയില്‍ തകരുകയും വൈദ്യുത ബന്ധം നഷ്‌ടമാകുകയും ചെയ്‌തു.

തൃശൂർ കുതിരാനില്‍ മഴയില്‍ റോഡ് തകർന്നത് ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം താറുമാറായിട്ടുണ്ട്. കിഴക്കൻ വെള്ളത്തിന്‍റെ വരവ് വർധിച്ചതോടെ ആലപ്പുഴ ജില്ലയുടെ താഴ്‌ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലാണ്.

also read: Rain Palakkad| പാലക്കാട് കനത്ത മഴ; അങ്കണവാടിയുടെ മതിലുകള്‍ തകര്‍ന്നു, അട്ടപ്പാടി ചുരത്തില്‍ വൈദ്യുത ലൈനില്‍ മരം വീണു

മൃതദേഹം കണ്ടെത്തി: ആലപ്പുഴ തോട്ടപ്പള്ളി പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഐ.ആർ.ഇയുടെ എസ്ക്കവേറ്റർ ജീവനക്കാരനായ ബിഹാർ സ്വദേശി രാജ് കുമാറിന്‍റെ (23) മൃതദേഹമാണ് ബുധനാഴ്ച രാവിലെ പൊഴിയുടെ തെക്ക് ഭാഗത്തു നിന്ന് കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്കാണ് അപകടം.

പൊഴി മുറിക്കൽ ജോലി നടക്കുന്നതിനിടെ വള്ളത്തിൽ വരുമ്പോൾ ശക്തമായ കാറ്റിലും മഴയിലും പെട്ട് വള്ളം മറിഞ്ഞ് രാജ് കുമാറിനെ കാണാതാകുകയായിരുന്നു. അഗ്നിശമന സേന സ്കൂബ സംഘം, തോട്ടപ്പള്ളി തീരദേശ പൊലീസ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details