തിരുവനന്തപുരം :ന്യൂനമര്‍ദത്തിന്‍റെ സ്വാധീനഫലമായി സംസ്ഥാനത്ത് ചെറിയൊരു ഇടവേളയ്‌ക്ക് ശേഷം വീണ്ടും മഴ ശക്തമാകുന്നു. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
വരുന്ന മൂന്ന് മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് പരക്കെ മഴ പെയ്യാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന വിവരം. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട ജില്ലകളിലെ ഒറ്റുപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്‌ക്കാണ് സാധ്യത. എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ വരുന്ന മണിക്കൂറുകളില്‍ മിതമായ മഴ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നിലവില്‍ സംസ്ഥാനത്ത് വടക്കന്‍ ജില്ലകളിലാണ് അതിശക്തമായ രീതിയില്‍ മഴ ഭീഷണി നിലനില്‍ക്കുന്നത്. ന്യൂനമര്‍ദവും ചക്രവാതച്ചുഴിയുടെ സാന്നിധ്യവും കാരണമാണ് മഴ ശക്തമാകുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെയും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മറ്റന്നാളും (26 ജൂലൈ) കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
വടക്കന്‍ ജില്ലകളില്‍ മഴ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി: ശക്തമായ മഴയ്ക്ക് സാധ്യതയുള്ള വടക്കന്‍ കേരളത്തിലെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് (24 ജൂലൈ) അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. ജില്ല കലക്‌ടര്‍മാരാണ് ഇക്കാര്യം അറിയിച്ചത്.
കനത്ത മഴ തുടരുന്ന വയനാട്ടില്‍ പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍, മുന്‍കൂട്ടി തീരുമാനിച്ച പരീക്ഷകള്‍ക്കൊന്നും അവധി ബാധകമല്ല. പിഎസ്‌സി പരീക്ഷകളും നടക്കും. കണ്ണൂര്‍ സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പ്രവേശന നടപടികളെല്ലാം മാറ്റിവച്ചു.