തിരുവനന്തപുരം :സംസ്ഥാന വ്യാപകമായി വരും മണിക്കൂറുകളില്‍ മഴ ശക്തമാവുമെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പുണ്ട്. ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് 13 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
വടക്ക് - പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദവും തെക്കന്‍ ഗുജറാത്ത് മുതല്‍ കേരള തീരം വരെ രൂപപ്പെട്ട ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുന്നതുമാണ് സംസ്ഥാനത്ത് മഴ വ്യാപകമാവാന്‍ കാരണം. വടക്ക് - പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം നിലവില്‍ വടക്കന്‍ ഛത്തീസ്‌ഗഡിന് മുകളിലാണ് സ്ഥിതി ചെയ്യുന്നത്. അടുത്ത രണ്ട് ദിവസം പടിഞ്ഞാറ്, വടക്ക് - പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് വടക്കന്‍ മധ്യപ്രദേശിലേക്ക് നീങ്ങാനാണ് സാധ്യത.
തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ കേരള തീരം വരെ ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ മഴ തുടരുന്നതിനാല്‍ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടേക്കും. ചെറിയ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇത് മുന്നില്‍ കണ്ടുകൊണ്ടുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ അധികൃതരോടും പൊതുജനങ്ങളോടും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പുമായി അധികൃതര്‍ :അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യം ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ മലയോര മേഖലകളിലേക്കുള്ള യാത്ര നിയന്ത്രിക്കണം. മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാനിര്‍ദേശവും നല്‍കിയിട്ടുണ്ട്. കടല്‍ക്ഷോഭവും ഉയര്‍ന്ന തിരമാലയും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല. ഇന്ന് രാത്രി 11.30 വരെ 2.3 മുതല്‍ 2.8 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല ഉണ്ടായേക്കും. സെക്കന്‍ഡില്‍ 51 സെന്‍റിമീറ്റര്‍ മുതല്‍ 63 സെന്‍റീമീറ്റര്‍ വരെ വേഗതയിലാകും തിരമാലകള്‍ രൂപപ്പെടുകയെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കുന്നു.
മത്സ്യത്തൊഴിലാളികള്‍ ബോട്ട്, വള്ളങ്ങള്‍ മുതലായ മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിച്ചുകൊണ്ട് സുരക്ഷ ഉറപ്പാക്കണമെന്നും ജാഗ്രതാനിര്‍ദേശമുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും നിലവിലെ സാഹചര്യത്തില്‍ പൂര്‍ണമായും ഒഴിവാക്കണം.
ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ഇവയാണ്...
1. അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറി താമസിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അതിനോട് സഹകരിക്കണം.