തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തിൽ ശക്തിപ്പെടുകയും ദിനം പ്രതി കൊവിഡ് മരണസംഖ്യ ഉയരുകയുമാണ്. കൊവിഡ് രണ്ടാം തരംഗത്തിൽ ശ്വാസം മുട്ടലാണ് രോഗികളിൽ പ്രധാന വില്ലനായി മാറുന്നത്. രാജ്യത്തുടനീളമുള്ള ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് മരണം റിപ്പോർട്ട് ചെയ്യുമ്പോൾ ഓക്‌സിജന്‍ കരുതലിന്‍റെ കാര്യത്തില്‍ കേരളം വളരെ മുന്നിലാണ്. ദിനംപ്രതി ഉപയോഗത്തിന്‍റെ രണ്ടിരട്ടി ഓക്‌സിജനാണ് ദിവസവും കേരളത്തിൽ ഉത്പാദിക്കുന്നത്.
കരുതലോടെ സംസ്ഥാന സര്‍ക്കാര്‍
കൊവിഡ് രോഗബാധയുണ്ടായപ്പോള്‍ തന്നെ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം വളരെ കരുതലോടെ നടപ്പാക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് സാധിച്ചു. പെസോ എന്ന പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷനും സംസ്ഥാന സര്‍ക്കാരിന്‍റെയും ഒരുമിച്ചുള്ള പ്രവര്‍ത്തനമാണ് ഈ മികവിലേക്ക് കേരളത്തെ എത്തിച്ചത്.
മികച്ച ഓക്സിജൻ ഉത്പാദനം
സംസ്ഥാനത്ത് നിലവില്‍ 204 മെട്രിക് ടണ്‍ ഓക്‌സിജനാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. ഉപയോഗിക്കുന്നത് 80 മെട്രിക് ടണ്‍ ഓക്‌സിജനും. കൊവിഡ് രോഗികള്‍ക്കായി 35 മെട്രിക് ടണ്‍ ഓക്‌സിജനും നോണ്‍ കൊവിഡ് ചികിത്സയ്ക്ക് 45 മെട്രിക് ടണ്‍ ഓക്‌സിജനുമാണ് ഉപയോഗിക്കുന്നത്. നാല് ഉല്‍പാദന കമ്പനികളും 11 എയര്‍ സെപ്പറേഷന്‍ യൂണിറ്റുകളുമാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. നാലു മെട്രിക് ടണ്‍ ശേഷിയുള്ള എയര്‍ സെപ്പറേഷന്‍ യൂണിറ്റ് പാലക്കാട് നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞു. ഈ മാസം ഈ യൂണിറ്റും കമ്മിഷന്‍ ചെയ്യും. 23 ഓക്‌സിജന്‍ ഫില്ലിങ് സ്റ്റേഷനുകളും സജ്ജം. ചെറിയ സമയത്തിനുള്ളില്‍ ഓക്‌സിജന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള സംവിധാനവുമുണ്ട്.
ചിട്ടയായ പ്രവര്‍ത്തനം
കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പെസോയ്ക്കാണ് മെഡിക്കല്‍ ഓക്‌സിജന്‍ വിതരണത്തിനുള്ള മേല്‍നോട്ട ചുമതല. ഇതിനായി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ്‌സ് എല്ലാ സംസ്ഥാനത്തും നോഡല്‍ ഓഫിസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഡോ.ആര്‍.വേണുഗോപാലിനാണ് കേരളത്തിന്‍റെ ചുമതല. ജില്ലകളില്‍ ആവശ്യമുള്ള ഓക്‌സിജന്‍റെ അളവ് ആരോഗ്യവകുപ്പ് പെസോയ്ക്കാണ് കൈമാറുന്നത്. പെസോയാണ് ഉല്‍പാദകരിൽ നിന്നും വിതരണക്കാരില്‍ നിന്നും കണക്കുകള്‍ ശേഖരിച്ച് വിതരണം ഉറപ്പാക്കുന്നത്. ഇതിനായി പെസോയ്ക്ക് ഫരീദാബാദില്‍ കേന്ദ്ര കണ്‍ട്രോള്‍ റൂമും സംസ്ഥാനത്ത് പ്രത്യേക കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നുണ്ട്.
കൊവിഡ് വ്യാപനം ഉണ്ടായ കഴിഞ്ഞ വര്‍ഷം തന്നെ ഇക്കാര്യത്തില്‍ ചിട്ടയായ പ്രവര്‍ത്തനം നടത്താന്‍ സംസ്ഥാനത്തിന് കഴിഞ്ഞിരുന്നു. ഓക്‌സിജന്‍ ഫില്ലിങ് പ്ലാന്‍റുകളുടെയും ഉല്‍പാദകരുടേയും യോഗം വിളിച്ച് ഓക്‌സിജന്‍ സ്റ്റോക്കിന്‍റെയും വിതരണത്തിന്‍റെയും ദിനംപ്രതിയുള്ള കണക്കു നല്‍കണമെന്ന് പെസോ ആവശ്യപ്പെട്ടിരുന്നു. ഇത് നടപ്പിലാക്കിയതോടെ ഓക്‌സിജന്‍റെ കൃത്യമായ കണക്ക് തയാറാക്കി സൂക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അടഞ്ഞു കിടക്കുകയായിരുന്ന പ്ലാന്‍റുകളെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന തരത്തിലേക്ക് സജ്ജമാക്കി. ആശുപത്രികളില്‍ ലൈസന്‍സ് അനുവദിക്കുന്നതിനു മുന്‍പു തന്നെ ഓക്‌സിജന്‍ ശേഖരിക്കാന്‍ അനുവാദം കൊടുത്തു. റിഫൈനറിക്കാരെകൊണ്ട് എടുക്കാതിരുന്ന ഓക്‌സിജന്‍ എടുപ്പിച്ചു.
കാര്യക്ഷമമായ ഓക്സിജൻ വിതരണം
കൊവിഡ് കേസ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ സപ്ലൈ വര്‍ധിപ്പിക്കാനും നിര്‍ദേശം നല്‍കി. വ്യവസായ ആവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറുകളെയും നൈട്രജന്‍ സിലിണ്ടറുകളെയും മെഡിക്കല്‍ ഓക്‌സിജന്‍ സിലിണ്ടറാക്കി. ഇത്തരത്തിലാണ് ഓക്‌സിജന്‍ വിതരണം ഉറപ്പുവരുത്താനുള്ള ശ്രമങ്ങള്‍ നടന്നത്. ഇത് വിജയിച്ചതോടെയാണ് കേരളം ഇപ്പോള്‍ ആശ്വാസകരമായ കണക്കുകളിലേക്ക് എത്തിയത്.
30 ആശുപത്രികളിലാണ് കേന്ദ്രീകൃത ഓക്‌സിജന്‍ പ്ലാന്‍റുള്ളത്. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രിയിലെ കണക്കുകളാണിത്. 16 ആശുപത്രികളില്‍ ഒരു കിലോ ലിറ്റര്‍ ടാങ്ക് സ്ഥാപിച്ചു. മറ്റ് ആശുപത്രികളില്‍ രോഗികളുടെ കിടക്കക്കരികില്‍ സിലിണ്ടര്‍ സ്ഥാപിച്ചാണ് ഓക്‌സിജന്‍ നല്‍കുന്നത്. കൃത്യമായ പ്ലാനിങ്ങും നടപ്പിലാക്കലുമാണ് കേരളത്തെ സുരക്ഷിതമായ ഒരു സ്ഥിതിയില്‍ എത്തിച്ചത്. അതുകൊണ്ട് തന്നെ ഓക്‌സിജന്‍ ക്ഷാമം കൊണ്ട് പ്രതിസന്ധിയിലായ ഗോവയ്ക്ക് ലിക്വിഡ് ഓക്‌സിജന്‍ നല്‍കി സഹായിക്കാന്‍ കേരളത്തിന് കഴിഞ്ഞതും. നിലവില്‍ സുരക്ഷിതമായ അവസ്ഥയിലാണെങ്കിലും രോഗികളുടെ എണ്ണം വർധിക്കുന്നത് കേരളത്തിനും ആശങ്കയുണ്ടാക്കുന്നതാണ്.