തിരുവനന്തപുരം:അവശ്യസാധനങ്ങളുടെ വിലക്കയറ്റം മലയാളിയുടെ കൈപൊള്ളിക്കുകയാണ്. ഓണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നില്‍ക്കെ വില വർധനയില്‍ ആശങ്കയിലാണ് സാധാരണക്കാർ. പച്ചക്കറിക്കും പലവ്യഞ്ജനത്തിനുമെല്ലാം വിപണിയില്‍ പൊള്ളുന്ന വിലയാണ്. ദിനംപ്രതി സാധനങ്ങള്‍ക്ക് വില ഉയരുന്നത് സാധാരണക്കാരെയാണ് ഏറ്റവുമധികം ആശങ്കയിലാക്കുന്നത്.
വിപണി പരിശോധിച്ചാല്‍ പലവ്യഞ്ജനങ്ങൾക്കാണ് റെക്കോഡ് വില. മുളകിന് ഹോള്‍സെയില്‍ വില കിലോയ്‌ക്ക് 260 രൂപയാണ്. ഈ സാഹചര്യത്തില്‍ റീടെയില്‍ വില 300 വരെയാകാനാണ് സാധ്യത. പയര്‍, പരിപ്പ് എന്നിവയ്ക്ക് 150 രൂപയോളം നല്‍കേണ്ട അവസ്ഥയാണ്. കറുത്ത കടലയ്‌ക്ക് 80 രൂപയാണ് വിപണിയില്‍ വില.
സപ്ലൈ ഇല്ലാതെ സപ്ലൈകോ: വിലക്കയറ്റം പിടിച്ചുനിർത്താൻ വിപണിയില്‍ സർക്കാർ ഇടപെടുന്ന അവസ്ഥ അവസാനിപ്പിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. സപ്ലൈക്കോ സ്റ്റോറുകൾ, ത്രിവേണി മാവേലി സ്റ്റോറുകൾ എന്നിവ വഴി സബ്‌സിഡി നിരക്കില്‍ അവശ്യസാധനങ്ങൾ വില്‍പന നടത്തുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ ഇപ്പോൾ അവശ്യ സാധനങ്ങൾ സപ്ലൈകോ സ്റ്റോറുകളില്‍ ലഭ്യമല്ല. 20 മുതൽ 30 രൂപ വരെ വില കുറച്ചാണ് സപ്ലൈകോ വഴി വില്‍പന നടത്തിയിരുന്നത്.
മുളക്, വന്‍ പയര്‍, കടല എന്നീ ഇനങ്ങള്‍ക്ക് നിലവില്‍ വിപണിയില്‍ ദൗര്‍ലഭ്യമുണ്ടെന്ന് മന്ത്രി ജിആർ അനില്‍ പറഞ്ഞിരുന്നു. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള നടപടിക്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നിലവിലെ പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ജനങ്ങള്‍ക്ക് കൂടുതലായി പൊതുവിപണിയെ ആശ്രയിക്കേണ്ടി വന്നേക്കാം. നിലവിലെ സാഹചര്യത്തില്‍ സപ്ലൈക്കോയില്‍ സാധനങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിന് സമാനമായി തന്നെ വില വര്‍ധനവ് പിടിച്ചുനിര്‍ത്താനുള്ള ശ്രമങ്ങളും സര്‍ക്കാര്‍ നടത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം.