തിരുവനന്തപുരം:ഖത്തറിലെ പുല്‍ മൈതാനങ്ങള്‍ക്ക് തീപിടിക്കാന്‍ മിനിറ്റുകള്‍ മാത്രം അവശേഷിക്കെ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളും ആവേശത്തിലാണ്. സമൂഹമാധ്യമങ്ങളിലൂടെയാണ് രാഷ്‌ട്രീയ നേതാക്കള്‍ ടീമുകളോടുള്ള ആരാധന പങ്കുവയ്ക്കുന്നത്. ലോകകപ്പില്‍ തന്‍റെ ടീം ബ്രസീലാണെന്ന് പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് വളരെ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ ആവേശത്തിന് തിരികൊളുത്തിയത്.
അലതല്ലി ഖത്തറാരവം; സമൂഹമാധ്യമങ്ങളിലൂടെ ഇഷ്‌ട ടീമുകള്‍ക്കായി ആര്‍പ്പുവിളിച്ച് രാഷ്‌ട്രീയ കേരളം - അര്‍ജന്‍റീന
ഖത്തര്‍ ലോകകപ്പിന് മിനിറ്റുകള്‍ക്കകം കിക്കോഫ് എന്നിരിക്കെ ഇഷ്‌ട ടീമുകള്‍ക്കായി സമൂഹമാധ്യമങ്ങള്‍ വഴി ആര്‍പ്പുവിളിച്ച് കേരളത്തിലെ രാഷ്‌ട്രീയ നേതാക്കള്‍, മേല്‍ക്കൈ എക്കാലത്തിലെയും ഫേവറിറ്റുകളായ ബ്രസീലിനും അര്‍ജന്‍റീനയ്‌ക്കും
ഉടന്‍ തന്നെ അര്‍ജന്‍റീനയുടെ കട്ട ആരാധകനായ എം.എം മണി എംഎല്‍എ രംഗത്തെത്തി. കൂടാതെ വി.കെ പ്രശാന്ത് അടക്കമുളള അര്‍ജന്‍റീന ആരാധകരായ എംഎല്‍എമാരും കടകംപള്ളിയടക്കമുളള ബ്രസീല്‍ എംഎല്‍എമാരും രംഗത്തെത്തി രംഗം കൊഴുപ്പിച്ചു. മന്ത്രിമാരായ കെ.രാധാകൃഷ്‌ണന്‍, എം.ബി രാജേഷ്, വി.എന്‍ വാസവന്‍ അടക്കമുള്ളവര്‍ അര്‍ജന്‍റീനക്കായി രംഗത്തുണ്ട്. അതേസമയം മുഖ്യമന്ത്രി ഖത്തര്‍ ലോകകപ്പിന് ആശംസകള്‍ അറിയിച്ചെങ്കിലും ഇഷ്‌ട ടീം ഏതെന്ന് ഫേസ്ബുക്ക് പോസ്‌റ്റില്‍ പറഞ്ഞിട്ടില്ല.
പ്രതിപക്ഷ നേതാവാകട്ടെ കട്ട ബ്രസീല്‍ ആരാധകനാണെന്ന് വ്യക്തമാക്കി പോസ്‌റ്ററുമായി രംഗത്തെത്തിയിട്ടുണ്ട്. ബ്രസീല്‍ ജഴ്‌സിയില്‍ കളിക്കുന്ന ചിത്രങ്ങളുമായാണ് സതീശന്‍റെ പോസ്‌റ്റ്. പല നേതാക്കളും ഇതുവരെ ഇഷ്‌ട ടീമിന്‍റെ കാര്യം വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ പോരാട്ടം കടുക്കുമ്പോള്‍ ആവേശം അതിരുവിടുമ്പോള്‍ ഇവര്‍ കൂടി രംഗത്തെത്തുമെന്നുറപ്പാണ്. അണികള്‍ കൂടി ചേരുമ്പോള്‍ രാഷ്‌ട്രീയ പോരിനൊപ്പം ലോകകപ്പ് പോരും സോഷ്യല്‍ മീഡിയയില്‍ മുറുകും.