തിരുവനന്തപുരം: സംസ്ഥാനത്തെവിടെയും ജീവന്‍ രക്ഷാ മരുന്നുകള്‍ എത്തിച്ചുനല്‍കാന്‍ സജ്ജമായി കേരളാ പൊലീസ്. 112 എന്ന നമ്പറില്‍ വിളിച്ചറിയിച്ചാല്‍ മരുന്ന് ശേഖരിച്ച് പൊലീസ് എത്തിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. മരുന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലോ കൊച്ചി സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലോ ഏല്‍പ്പിച്ചാല്‍ പൊലീസ് ഇവിടെ നിന്ന് ശേഖരിച്ച് രോഗിക്ക് എത്തിച്ചുകൊടുക്കും. ഫാര്‍മസിസ്റ്റുകള്‍, ആശുപത്രികള്‍, ഡോക്‌ടര്‍മാര്‍, രോഗിയുടെ ബന്ധുക്കള്‍ എന്നിവര്‍ക്ക് ഈ സേവനം വിനിയോഗിക്കാം.
ജീവന്‍ രക്ഷാ മരുന്നുകള്‍ എത്തിച്ചുനല്‍കാന്‍ കേരളാ പൊലീസ്
ഫാര്‍മസിസ്റ്റുകള്‍, ആശുപത്രികള്‍, ഡോക്‌ടര്‍മാര്‍, രോഗിയുടെ ബന്ധുക്കള്‍ എന്നിവര്‍ക്ക് ഈ സേവനം വിനിയോഗിക്കാം.
ബന്ധുക്കളാണ് മരുന്ന് ഏല്‍പ്പിക്കുന്നതെങ്കില്‍ ഡോക്‌ടറുടെ കുറിപ്പടി, മരുന്നിന്‍റെ പേര്, ഉപയോഗക്രമം, ഏത് രോഗത്തിനുളളത് തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ സത്യവാങ് മൂലവും നല്‍കണം. ജില്ലയ്ക്കകത്ത് മരുന്ന് ശേഖരിച്ച് വിതരണം ചെയ്യുന്നതിനുളള ചുമതല ജനമൈത്രി പൊലീസിന്‍റെ സഹായത്തോടെ ജില്ലാ പൊലീസ് മേധാവിമാര്‍ക്കാണ്. സംസ്ഥാനത്തെമ്പാടും മരുന്നെത്തിക്കാന്‍ തിരുവനന്തപുരവും കൊച്ചിയും കേന്ദ്രമാക്കി പ്രത്യേക വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട്. ഹൈവേ പട്രോള്‍ വാഹനവും ഇതിനായി ഉപയോഗിക്കും. തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി, കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ എന്നിവര്‍ക്കാണ് പദ്ധതിയുടെ ചുമതല. ദക്ഷിണമേഖലാ ഐജി ഹര്‍ഷിത അത്തല്ലൂരി മേല്‍നോട്ടം വഹിക്കും.